മാലിന്യം തരംതിരിക്കൂ, ആഴ്ചയിൽ 50 ഡോളർ സമ്മാനം നേടൂ; വിക്ടോറിയ പാർക്കിൽ ബിൻ ടാഗിംഗ് തുടങ്ങി

തെറ്റായ രീതിയിൽ മാലിന്യം നിക്ഷേപിക്കുന്നത് മൂലം ശുചീകരണ ട്രക്കുകൾക്ക് തീപിടിക്കുന്നതും മറ്റും ഒഴിവാക്കാനാണ് ഈ നീക്കം.
townn-of-victoria-park-bin-tagging-weekly-prize-waste-sorting
വിക്ടോറിയ പാർക്കിൽ ബിൻ ടാഗിംഗ് തുടങ്ങിTown of Victoria Park
Published on

മാലിന്യങ്ങൾ കൃത്യമായ രീതിയിൽ തരംതിരിച്ച് നിക്ഷേപിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി വിക്ടോറിയ പാർക്ക് കൗൺസിൽ പുതിയ പദ്ധതി ആരംഭിച്ചു. കൗൺസിൽ ഉദ്യോഗസ്ഥർ വീടുകൾക്ക് മുന്നിലെ മാലിന്യപ്പെട്ടികൾ (Bins) പരിശോധിച്ച്, മാലിന്യം ശരിയായ രീതിയിലാണോ നിക്ഷേപിച്ചിരിക്കുന്നത് എന്നതിനനുസരിച്ച് 'ഹാപ്പി' അല്ലെങ്കിൽ 'സാഡ്' ഫേസ് ടാഗുകൾ നൽകും. മാലിന്യപ്പെട്ടികൾ പൂർണ്ണമായും പരിശോധിക്കാതെ, മുകൾഭാഗം മാത്രം നോക്കിയുള്ള ലളിതമായ പരിശോധനയാണ് ഉദ്യോഗസ്ഥർ നടത്തുക. തെറ്റായ രീതിയിൽ മാലിന്യം നിക്ഷേപിക്കുന്നത് മൂലം ശുചീകരണ ട്രക്കുകൾക്ക് തീപിടിക്കുന്നതും മറ്റും ഒഴിവാക്കാനാണ് ഈ നീക്കം.

മാലിന്യങ്ങൾ ശരിയായ രീതിയിൽ തരംതിരിക്കുന്ന നിവാസികൾക്ക് പ്രോത്സാഹനമായി സമ്മാനങ്ങളും കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യമായി മാലിന്യം നിക്ഷേപിക്കുന്നവർക്ക് ആഴ്ചതോറും 50 ഡോളറിന്റെ വൗച്ചറുകൾ നേടാൻ അവസരമുണ്ടാകും. കൂടാതെ, പദ്ധതിയുടെ അവസാനം 200 ഡോളറിന്റെ വലിയ സമ്മാനവും നൽകും. ആകെ വീടുകളുടെ 10 ശതമാനം മാത്രമാണ് പരിശോധിക്കുക. ഈ പരിശോധനയുടെ പേരിൽ ആർക്കും പിഴ ചുമത്തുകയോ മറ്റ് നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യില്ലെന്നും കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 16-ന് ആരംഭിച്ച ഈ ആറാഴ്ചത്തെ പദ്ധതി മാർച്ച് 30 വരെ തുടരും. പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത് പണം പാഴാക്കുന്ന പരിപാടിയാണെന്ന് ചിലർ വിമർശിക്കുമ്പോൾ, മികച്ച ആശയമാണെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകൾ കൗൺസിലിനെ പിന്തുണയ്ക്കുന്നുമുണ്ട്. പരിശോധനയിൽ 'സാഡ് ഫേസ്' ടാഗ് ലഭിച്ചാലും മാലിന്യം യഥാസമയം ശേഖരിക്കുമെന്ന് മേയർ കാരെൻ വെർനോൺ അറിയിച്ചു. മാലിന്യം ഒഴിവാക്കുന്നതിനും പുനരുപയോഗിക്കുന്നതിനും പ്രാധാന്യം നൽകാനാണ് കൗൺസിൽ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au