

പെർത്ത്: അന്താരാഷ്ട്ര തലത്തിൽ യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം മുറുകുന്ന പശ്ചാത്തലത്തിൽ പെർത്തിൽ ഇന്ധനവില വീണ്ടും വർദ്ധിക്കുന്നു. ബുധനാഴ്ച മുതൽ പെട്രോൾ, ഡീസൽ വിലകളിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വില കൂടുന്നതിന് മുൻപ് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ പെർത്തിലെയും മന്ദുറയിലെയും (Mandurah) യാത്രക്കാരോട് ഫ്യൂവൽ വാച്ച് (FuelWatch) നിർദ്ദേശിച്ചു. എന്നാൽ പരിഭ്രാന്തരായി ഇന്ധനം പൂഴ്ത്തിവെക്കരുതെന്നും അത്യാവശ്യത്തിനുള്ളത് മാത്രം കരുതണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
നിലവിൽ പെർത്ത് മെട്രോപൊളിറ്റൻ മേഖലയിൽ അൺലെഡഡ് പെട്രോളിന് (ULP) ലിറ്ററിന് ശരാശരി 219.8 സെന്റാണ് വില. ഇത് ബുധനാഴ്ചയോടെ 227.4 സെന്റായി ഉയർന്നേക്കും. ഡീസൽ വില ലിറ്ററിന് 306.8 സെന്റിൽ നിന്ന് 318 സെന്റിലേക്കും വർദ്ധിക്കും. എൽപിജി നിരക്കിലും നേരിയ വർദ്ധനവുണ്ടാകും. എങ്കിലും ബുധനാഴ്ചയും ചിലയിടങ്ങളിൽ 210 സെന്റിൽ താഴെ നിരക്കിൽ പെട്രോൾ ലഭ്യമാകുമെന്ന് ഫ്യൂവൽ വാച്ച് ചൂണ്ടിക്കാട്ടി. ശരിയായ പമ്പ് തിരഞ്ഞെടുക്കുന്നതിലൂടെ ഒരു 60 ലിറ്റർ ടാങ്കിന് 40 ഡോളർ വരെ ലാഭിക്കാൻ യാത്രക്കാർക്ക് സാധിക്കും.
സംസ്ഥാനത്തെ മറ്റ് നഗരങ്ങളായ അൽബാനി, ബൻബറി, ബാസൽട്ടൺ എന്നിവിടങ്ങളിൽ ഇന്ധനവിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ കാരാത്ത (Karratha), പോർട്ട് ഹെഡ്‌ലാൻഡ് തുടങ്ങിയ മേഖലകളിൽ വിലയിൽ രണ്ട് സെന്റ് വരെ വർദ്ധനവുണ്ടാകും. ആഗോള വിപണിയിലെ അസ്ഥിരത പ്രാദേശിക വിപണിയെ ബാധിക്കുന്നതിനാൽ യാത്രക്കാർ ഫ്യൂവൽ വാച്ച് വെബ്‌സൈറ്റ് വഴി നിരക്കുകൾ കൃത്യമായി നിരീക്ഷിക്കണമെന്ന് കമ്മീഷണർ നിർദ്ദേശിച്ചു.