

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയൻ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ റോട്ട്നെസ്റ്റ് ഐലൻഡിലെ പള്ളിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മനുഷ്യ അസ്ഥികളെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. ബുധനാഴ്ച രാവിലെ ദ്വീപിലെ ഹോളി ട്രിനിറ്റി ചർച്ചിന് സമീപം നടന്ന കുഴിക്കൽ ജോലികൾക്കിടെയാണ് ഇവ പുറത്തെടുത്തത്.
കണ്ടെത്തിയ അസ്ഥികൾ ശാസ്ത്രീയ പരിശോധനയ്ക്കായി മാറ്റിയതായി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ് വക്താവ് അറിയിച്ചു. ഈ അവശിഷ്ടങ്ങൾക്ക് എത്ര പഴക്കമുണ്ടെന്നും ഏത് കാലഘട്ടത്തിലുള്ളതാണെന്നും ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മനോഹരമായ കടൽതീരങ്ങൾക്കും ക്വോക്ക (Quokka) എന്ന ജീവിവർഗ്ഗത്തിനും പേരുക്കേട്ട റോട്ട്നെസ്റ്റ് ഐലൻഡിന് ക്രൂരമായ ഒരു ഭൂതകാലം കൂടിയുണ്ട്. 1838 മുതൽ 1931 വരെ ഏകദേശം 4,000 തദ്ദേശീയരായ (Aboriginal) പുരുഷന്മാരെയും ആൺകുട്ടികളെയും പാർപ്പിച്ചിരുന്ന തടവറയായും നിർബന്ധിത തൊഴിൽ ക്യാമ്പായും ഈ ദ്വീപ് ഉപയോഗിച്ചിരുന്നു. അതിനാൽ തന്നെ ഇപ്പോൾ കണ്ടെത്തിയ അവശിഷ്ടങ്ങൾ ആ കാലഘട്ടത്തിലുള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.