
ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റിന്റെ വമ്പൻ ജയം ഓസീസ് നേടിയപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായ മറ്റൊരു കാര്യമായിരുന്നു സ്റ്റാർക്ക് ലോക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞോ എന്നത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്കെതിരെ ഓപണിങ് ബൗളിങ് സ്പെൽ ആരംഭിച്ച മിച്ചൽ സ്റ്റാർക് രോഹിത് ശർമക്കെതിരെ ആദ്യ പന്ത് എറിഞ്ഞപ്പോൾ സ്പീഡ് ഗൺ ഗ്രാഫിക്സിൽ തെളിഞ്ഞത് 176.5 കിലോമീറ്റർ വേഗതയാണ് അടയാളപ്പെടുത്തിയത്. ടെലിവിഷൻ സ്ക്രീനിൽ സ്പീഡ് തെളിഞ്ഞതിനു പിന്നാലെ, ആരാധകർ ആഘോഷം ആരംഭിച്ചു. 2003ൽ പാകിസ്താൻ പേസ് ബൗളർ ശുഐബ് അക്തർ എറിഞ്ഞ 161.3 കി.മീ വേഗത സ്റ്റാർക് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ ആഘോഷം ആരംഭിച്ചു. എന്നാൽ, സാങ്കേതിക തകരാർ മൂലം തെറ്റായി രേഖപ്പെടുത്തിയതാണെന്ന് കമന്റേറ്റർമാർ സ്ഥിരീകരിച്ചു. ഇതോടെ അക്തറിന്റെ 23 വർഷം പഴക്കമുള്ള റെക്കോർഡ് ഇളക്കമില്ലാതെ തന്നെ തുടർന്നു. 140.8 കി.മീ വേഗതക്കു പകരം തെറ്റായാണ് സ്പീഡ് ഗൺ ഗ്രാഫിക്സിൽ 176.5 കി.മീ രേഖപ്പെടുത്തിയത്. അധികം വൈകാതെ തന്നെ ബ്രോഡ്കാസ്റ്റർ ഗ്രാഫിക്സ് തിരുത്തുകയും ചെയ്തു. അതേസമയം മിച്ചൽ സ്റ്റാർക്ക് തന്നെയാണ് വേഗ ലിസ്റ്റിൽ നാലാമൻ.