

പെർത്ത്: അന്തർസംസ്ഥാന യാത്രകൾ വർദ്ധിക്കുന്നതും സ്കൂൾ അവധിക്കാലവും ഓസ്‌ട്രേലിയയിൽ ഫ്ലൂ (പനി) വ്യാപനം നീണ്ടുനിൽക്കാൻ ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. എഎഫ്എൽ ഗ്രാൻഡ് ഫൈനലിന് (AFL Grand Final) ശേഷം മെൽബണിൽ നിന്ന് മുപ്പതിനായിരത്തോളം ഫ്രീമാന്റിൽ ആരാധകർ വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയെത്തുന്നതും യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതും രോഗവ്യാപനത്തിന് കാരണമായേക്കാമെന്നാണ് നിഗമനം.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ (WA) ഇത്തവണ ഫ്ലൂ ബാധിതരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും ജാഗ്രത കൈവിടരുതെന്നും വാക്സിനേഷൻ എടുക്കാൻ വൈകിയിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. ആഗസ്റ്റ് അവസാനത്തോടെയും സെപ്റ്റംബറിലും പനി ബാധിതരുടെ എണ്ണം ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ, വാക്സിനേഷൻ നേരത്തെ എടുക്കുന്നതിനേക്കാൾ ഈ സമയത്ത് സ്വീകരിക്കുന്നതാണ് രോഗപ്രതിരോധശേഷി നിലനിർത്താൻ സഹായിക്കുകയെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ (AMA) വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയയിൽ ഇതുവരെ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 10,439 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ന്യൂ സൗത്ത് വെയിൽസിൽ 80,000-ത്തിലധികവും വിക്ടോറിയയിൽ 30,000-ത്തിലധികവും ഫ്ലൂ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അനാവശ്യമായ യാത്രകളിൽ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവർ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.