

സ്ത്രീകൾക്കെതിരെ മോശമായി പെരുമാറിയെന്ന ആരോപണങ്ങൾ ശക്തമായി നിഷേധിച്ച് ഓസ്‌ട്രേലിയൻ ഗ്രീൻസ് സെനറ്റർ ജോർഡൻ സ്റ്റീൽ-ജോൺ (32). പാർട്ടിക്കുള്ളിലെ രാഷ്ട്രീയ കളികളുടെ ഭാഗമായാണ് തനിക്കെതിരെ ഇത്തരമൊരു നീക്കം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 2017 മുതൽ 2025 വരെയുള്ള കാലയളവിൽ സ്റ്റീൽ-ജോണിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റങ്ങൾ ഉണ്ടായി എന്ന് കാണിച്ച് നിലവിലെയും മുൻകാലങ്ങളിലെയും 7 പാർട്ടി അംഗങ്ങൾ ഒപ്പിട്ട കത്ത് ഗ്രീൻസ് ലീഡർ ഡേവിഡ് ഷൂബ്രിഡ്ജിന് ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് സെനറ്റർ അവധിയിൽ പ്രവേശിച്ചതായി കഴിഞ്ഞ വ്യാഴാഴ്ച ഷൂബ്രിഡ്ജ് അറിയിച്ചിരുന്നു.
എന്നാൽ, താൻ അവധിയിൽ പ്രവേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സ്റ്റീൽ-ജോൺ, ആരോപണങ്ങൾ പൂർണ്ണമായും തള്ളി ഞായറാഴ്ച സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. ലൈംഗിക അതിക്രമ ആരോപണവുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്വേഷണം നടന്നിരുന്നെങ്കിലും കേസ് അവസാനിപ്പിക്കുകയും തനിക്കെതിരെ കുറ്റപത്രം ചുമത്താതിരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പാർട്ടി തലത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സെറിബ്രൽ പൾസി (Cerebral palsy) ബാധിതനായ സ്റ്റീൽ-ജോൺ, വീൽചെയറിന്റെ സഹായത്തോടെയാണ് സഭയിലെത്തുന്നത്. 2017 നവംബറിലാണ് വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്ന് അദ്ദേഹം ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുമ്പോൾ വികാരാധീനനാകുന്നത് കൊണ്ട് അദ്ദേഹത്തിന് ലഭിച്ച "ഫീൽസ് ഓൺ വീൽസ്" (Feels on wheels) എന്ന വിളിപ്പേര്, പിന്നീട് തനിക്കെതിരെ ദുരുദ്ദേശ്യത്തോടെ ഉപയോഗിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ (Preselection) സമയക്രമം നിശ്ചയിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ ഈ ആരോപണങ്ങൾ ഉയർന്നുവന്നത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ പാർട്ടി ലീഡർ ഡേവിഡ് ഷൂബ്രിഡ്ജിന്റെ ഇടപെടലുകളെയും അദ്ദേഹം ചോദ്യം ചെയ്തു. അതേസമയം, വർഷങ്ങൾക്ക് മുൻപ് സ്റ്റീൽ-ജോണിനെതിരെയുള്ള ആരോപണങ്ങളും മാധ്യമങ്ങളിൽ വരാതിരിക്കാനുള്ള തന്ത്രങ്ങളും അടങ്ങിയ 47 പേജുള്ള രഹസ്യരേഖ (Dossier) പാർട്ടി തയ്യാറാക്കിയിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അന്നത്തെ വ്യക്തിപരമായ തർക്കങ്ങളുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട രണ്ട് സ്ത്രീകൾക്കെതിരെ മാധ്യമങ്ങളുടെ കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാകാതിരിക്കാനാണ് അങ്ങനെയൊരു രേഖ ഉണ്ടാക്കിയതെന്നും അന്ന് പരാതികളൊന്നും ഉണ്ടായിരുന്നില്ലെന്നും സെനറ്റർ വിശദീകരിച്ചു.