
താമസിക്കാൻ വാടകയ്ക്കെടുത്ത എയർബിഎൻബിയിൽ ക്യാമറ. അഞ്ച് പേരടങ്ങുന്ന കുടുംബം പെർത്തിൽ എയർബിഎൻബി വാടകയ്ക്കെടുത്തപ്പോഴാണ് സംഭവം. നാല് കിടപ്പുമുറികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. മൊത്തം ഒന്ന് പരിശോധിക്കാം എന്ന് കരുതിയിറങ്ങിയ ദമ്പതികളായ ക്രിസും കേറ്റ് ഹാർഡ്മാനുമാണ് ലിവിംഗ് റൂമിൽ ക്യാമറ കണ്ടെത്തിയത്. അതിൽ ചുവന്ന ലൈറ്റ് കൂടി കണ്ടതോടെ അത് പ്രവർത്തിക്കുന്നതാണ് എന്നും ഇവർക്ക് മനസിലായി. ഇതിന്റെ ഒരു വീഡിയോ പിന്നീട് ഇവർ ടിക്ടോക്കിൽ ഷെയർ ചെയ്യുകയും ചെയ്തു. ഇതൊരു നല്ല സ്ഥലമാണ്. പക്ഷേ, ഇതിൽ ഒരു കാര്യത്തിൽ എനിക്ക് ഉറപ്പില്ലാത്തതായിട്ടുണ്ട്. നിങ്ങൾക്ക് അതിൽ എന്നെ സഹായിക്കാൻ സാധിച്ചേക്കും. 'എയർബിഎൻബിയിൽ ക്യാമറ അനുവദനദീയമാണോ? അങ്ങനെ ചെയ്യാറുണ്ടോ? ഇത് അനുവദനീയമല്ല എന്നാണ് ഞാൻ കരുതുന്നത്' എന്നാണ് വീഡിയോയിൽ പറയുന്നത്.
മറ്റൊരു വീഡിയോയിൽ, ദമ്പതികൾ പറയുന്നത് ക്യാമറ കണ്ടെത്തിയത് തങ്ങളെ ഭയപ്പെടുത്തി എന്നും തങ്ങളുടെ മൂന്ന് കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഉടൻ തന്നെ അവിടെ നിന്നും മാറാനായി മറ്റൊരു ഹോട്ടൽ ബുക്ക് ചെയ്യാൻ തീരുമാനിച്ചതായിട്ടുമാണ്. ഞങ്ങളുടെ മക്കളുടെ സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം എന്നും ഇവർ പറയുന്നു. അതേസമയം, തങ്ങൾ അവിടെ നിന്നും മാറാൻ തീരുമാനിച്ചതിന് പിന്നാലെ ഹോട്ടലിന്റെ ചിലവ് തങ്ങൾ നോക്കിക്കോളാമെന്ന് ആദ്യം എയർബിഎൻബി ഉടമകൾ പറഞ്ഞതായും ദമ്പതികൾ പറയുന്നു. എന്നാൽ, ഹോട്ടലിന്റെ പണം അടയ്ക്കുക എന്നത് ചെലവേറിയ കാര്യമായതിനാൽ എയർബിഎൻബി അത് ചെയ്തില്ല എന്നും ഹാർഡ്മാൻ പറഞ്ഞു.
ഓൺലൈനിൽ പലവട്ടം ദമ്പതികൾ ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ ഒടുവിൽ, എയർബിഎൻബി ഒരു കൂപ്പൺ നൽകുകയും അധികം ചെലവില്ലാതെ ഒരു പുതിയ താമസസ്ഥലം ഇവർക്കായി ക്രമീകരിക്കുകയും ചെയ്തുവെന്നും കുടുംബം സ്ഥിരീകരിച്ചു. അതേസമയം, എയർബിഎൻബി ഓസ്‌ട്രേലിയ, ന്യൂസിലൻഡ് പറയുന്നത് ക്യാമറ ഓണാക്കിയാലും ഇല്ലെങ്കിലും വാടകയ്ക്ക് നൽകുന്ന പ്രോപ്പർട്ടിക്കകത്ത് ക്യാമറ ഒരിക്കലും അനുവദനീയമല്ല എന്നാണ്.