

ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിലും ആദ്യ ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ലീഡ്. മെൽബണിലെ ആദ്യദിനത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ വെറും 152 റണ്‍സിന് ഓൾഔട്ടായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി പേസര്‍ ജോഷ് ടംഗ് അഞ്ച് വിക്കറ്റുകളുമായി തിളങ്ങി. ഓസ്ട്രേലിയയ്ക്ക് വേണ്ടി 35 റണ്‍സുമായി മൈക്കല്‍ നസ്സര്‍, 29 റണ്‍സുമായി ഉസ്മാന്‍ ഖവാജ എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് പടയെ 110 റണ്‍സിന് പുറത്താക്കി. ഇതോടെ ഒന്നാം ഇന്നിങ്സില്‍ 42 റണ്‍സിന്റെ ലീഡും ഓസീസ് സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ 152 റണ്‍സിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സെടുക്കുന്നതിനിടയില്‍ 4 വിക്കറ്റുകളാണ് നഷ്ടമായത്. കൃത്യമായ ഇടവേളകളിലെല്ലാം വിക്കറ്റ് വീണതോടെ 110 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്ങ്‌സ് അവസാനിച്ചു. 34 പന്തില്‍ 41 റണ്‍സുമായി ഹാരി ബ്രൂക്കും 35 പന്തില്‍ 28 റണ്‍സുമായി ഗസ് അറ്റ്കിന്‍സനും മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് 15 പന്തുകള്‍ നേരിട്ട് റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മൈക്കല്‍ നെസ്സര്‍ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ സ്‌കോട്ട് ബോളണ്ട് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.