

പെർത്ത്: ഓസ്‌ട്രേലിയയിൽ അന്തർസംസ്ഥാന കാർ ഷിപ്പിംഗ് നടത്തുന്നവർക്ക് കനത്ത സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായി റിപ്പോർട്ട്. മെൽബണിൽ നിന്ന് പെർത്തിലേക്ക് പുതിയ ജീവിതം തുടങ്ങാനായി കാർ അയച്ച എലിഹു, അമാൻഡ ദമ്പതികൾക്ക് ഏകദേശം 5,000 ഡോളർ വിലമതിക്കുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ആഭരണങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയ്ക്ക് പുറമെ കുടുംബ ചിത്രങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കും മോഷണം പോയി.
3,300 കിലോമീറ്ററിലധികം ദൂരമുള്ള യാത്രയ്ക്കിടെ എവിടെ വെച്ചാണ് മോഷണം നടന്നതെന്ന് വ്യക്തമല്ലാത്തതിനാൽ കേസ് അന്വേഷിക്കാൻ സാധിക്കില്ലെന്നാണ് പോലീസിന്റെ നിലപാട്. വിക്ടോറിയ പോലീസും വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസും ഉത്തരവാദിത്തം പരസ്പരം കൈമാറുന്നതായി ഇവർ പരാതിപ്പെടുന്നു. കപ്പൽ മാർഗ്ഗം കാറുകൾ അയക്കുമ്പോൾ പോർട്ട് ജീവനക്കാർക്ക് കാർ നീക്കാൻ സൗകര്യത്തിനായി അവ ലോക്ക് ചെയ്യാതെ വെക്കണം എന്നതിലെ സാങ്കേതിക വിടവ് മോഷ്ടാക്കൾ മുതലെടുക്കുന്നതായാണ് സൂചന.
ഷിപ്പിംഗ് കമ്പനിയായ 'ഡാസ്മാക്' (Dazmac) പറയുന്നത് തുറമുഖങ്ങളിലും കപ്പലുകളിലും വെച്ച് കാറുകൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നാണ്. വിലപിടിപ്പുള്ള സാധനങ്ങൾ കാറിനുള്ളിൽ വെക്കരുതെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാറുണ്ടെന്നും ഇവർ പറയുന്നു. ഫ്രീമാന്റിൽ (Fremantle) പോലുള്ള വലിയ പോർട്ടുകളിൽ സുരക്ഷാ സംവിധാനങ്ങൾ കുറവാണെന്നും മോഷണക്കേസുകൾ അന്വേഷിക്കാൻ കൃത്യമായ ഒരു ഏജൻസി ഇല്ലാത്തതാണ് പ്രശ്നമെന്നും കമ്പനി അധികൃതർ ചൂണ്ടിക്കാട്ടുന്നു. സമാനമായ രീതിയിൽ സാധനങ്ങൾ നഷ്ടപ്പെട്ട നിരവധി പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.