

വിഖ്യാത അമേരിക്കൻ ഗായിക കാറ്റി പെറി തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന ഓസ്‌ട്രേലിയൻ നടി റൂബി റോസിന്റെ പരാതിയിൽ വിക്ടോറിയ പോലീസ് അന്വേഷണം ആരംഭിച്ചു. 2010-ൽ മെൽബൺ സിബിഡിയിലെ (CBD) ഒരു നൈറ്റ് ക്ലബ്ബിൽ വെച്ച് അതിക്രമം നടന്നതായാണ് റൂബി റോസിന്റെ ആരോപണം.
സംഭവം വിവാദമായതോടെ തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്ത റൂബി റോസ്, കേസിനെക്കുറിച്ച് കൂടുതൽ സംസാരിക്കരുതെന്ന് പോലീസ് നിർദ്ദേശിച്ചതായി വ്യക്തമാക്കി. പോലീസിൽ മൊഴി നൽകിയെന്നും ഇനി ഈ വിഷയത്തിൽ പരസ്യപ്രതികരണത്തിന് താൻ തയ്യാറല്ലെന്നും അവർ അറിയിച്ചു. മെൽബണിലെ ഒരു ക്ലബ്ബിൽ വെച്ച് 2010-ൽ നടന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അതിൽ അന്വേഷണം നടക്കുകയാണെന്നും വിക്ടോറിയ പോലീസ് വക്താവ് സ്ഥിരീകരിച്ചു.
എന്നാൽ, റൂബി റോസിന്റെ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കാറ്റി പെറിയുടെ വക്താവ് പ്രതികരിച്ചു. ഇത് അപകടകരമായ കള്ളമാണെന്നും മുൻപും പല പ്രമുഖർക്കെതിരെയും ഇത്തരത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച ചരിത്രം റൂബി റോസിനുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. 2010 ഓഗസ്റ്റിൽ മെൽബണിലെ ഒരു സ്കൂൾ പരിപാടിയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തത് അന്ന് വലിയ വാർത്തയായിരുന്നു.