മെൽബണിൽ രണ്ട് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം; സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷണം

വെള്ളിയാഴ്ച രാവിലെ Langridge Street-ലെ ഒരു പ്രൈമറി സ്കൂൾ കെട്ടിടത്തിലേക്ക് പ്രവേശിക്കുകയായിരുന്ന മറ്റൊരു സ്ത്രീയെ ഒരാൾ പിന്തുടർന്നതായും പിന്നീട് രാവിലെ ഏഴ് മണിയോടെ ആക്രമിച്ചതായും പൊലീസ് പറയുന്നു.
മെൽബണിൽ രണ്ട് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം
(9News)
Published on

മെൽബണിലെ ഹോപ്പേഴ്സ് ക്രോസിംഗ് പ്രദേശത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായി രണ്ട് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 11.30ഓടെ Whitsunday Drive-ലെ ഒരു വീടിന്റെ വാതിലിൽ കത്തിയുമായി എത്തിയ ഒരാൾ മുട്ടിയെന്നാണ് വിവരം. ഇയാൾ വീട്ടിലേക്ക് അതിക്രമിച്ച് കയറി അവിടെയുണ്ടായിരുന്ന സ്ത്രീയെ ലൈംഗികമായി ആക്രമിച്ചെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ ഭയന്നുപോയ സ്ത്രീയും ഭർത്താവും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ഇവർ പുതിയ താമസസ്ഥലം തേടുന്നതായാണ് വിവരം.

വെള്ളിയാഴ്ച രാവിലെ Langridge Street-ലെ ഒരു പ്രൈമറി സ്കൂൾ കെട്ടിടത്തിലേക്ക് പ്രവേശിക്കുകയായിരുന്ന മറ്റൊരു സ്ത്രീയെ ഒരാൾ പിന്തുടർന്നതായും പിന്നീട് രാവിലെ ഏഴ് മണിയോടെ ആക്രമിച്ചതായും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 39 വയസ്സുള്ള ഭവനരഹിതനായ ഒരാളെ വെള്ളിയാഴ്ച രാവിലെ 11.40ഓടെ ഹോപ്പേഴ്സ് ക്രോസിംഗിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളെ Sexual Crimes Squad-ലെ ഡിറ്റക്ടീവുകൾ ചോദ്യം ചെയ്തുവരികയാണ്. എന്നാൽ നിലവിൽ ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.

വ്യാഴാഴ്ച രാത്രി സമീപത്തെ Branton Road-ലും മോഷണശ്രമം നടന്നതായി പരാതി ലഭിച്ചിരുന്നു. വീട്ടിലെ നിരവധി സാധനങ്ങൾ മാറ്റിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് പൊലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. സമീപവാസികളോട് വീടുകളിലെ CCTV ദൃശ്യങ്ങളും വാഹനങ്ങളിലെ ഡാഷ്‌ക്യാം ദൃശ്യങ്ങളും പരിശോധിച്ച് അന്വേഷണത്തിന് സഹായകരമായ വിവരങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്.

Metro Australia
maustralia.com.au