വിക്ടോറിയയിൽ ക്യാമ്പിങ്ങിനിടെ കാണാതായ 17കാരനെ കണ്ടെത്താൻ നാലാം ദിവസവും തിരച്ചിൽ

ഓട്ടിസമുള്ള ലാട്രോബ് വാലി സ്വദേശിയായ വില്യം കാട്ടിൽ വഴിതെറ്റിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ 80ഓളം പേർ തിരച്ചിലിൽ പങ്കെടുത്തു.
വിക്ടോറിയയിൽ കാണാതായ 17കാരനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു
വില്യം (Victoria Police)
Published on: 

വിക്ടോറിയയുടെ കിഴക്കൻ മേഖലയിൽ ക്യാമ്പിങ് യാത്രയ്ക്കിടെ കാണാതായ 17കാരൻ വില്യം ജീവനോടെയുണ്ടാകാമെന്ന പ്രതീക്ഷ കൈവിടാതെ അധികൃതർ. നവംബർ ആറിന് വൈകിട്ട് നാലുമണിയോടെയാണ് വാൾഹല്ല ഈസ്റ്റിലെ സ്റ്റോണി ക്രീക്ക് റോഡിന് സമീപം വില്യമിനെ അവസാനമായി കണ്ടത്. വാരാന്ത്യ ക്യാമ്പിങ്ങിനായി അമ്മയാണ് വില്യമിനെ ക്യാമ്പിങ് കേന്ദ്രത്തിൽ എത്തിച്ചത്. ക്യാമ്പിങ്ങിനാവശ്യമായ കൂടുതൽ സാധനങ്ങൾ എടുക്കാൻ ചെറിയ ദൂരം നടന്നുപോയ വില്യം പിന്നീട് തിരിച്ചെത്തിയില്ല. ഓട്ടിസമുള്ള കുട്ടിയാണ് വില്യം. ഇയാളുടെ കൈവശം മൊബൈൽ ഫോണും ഉണ്ടായിരുന്നില്ല.

കാട്ടിലെ ഭൂപ്രകൃതി കാരണം വില്യം വഴിതെറ്റിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. അവസാനമായി കാണുമ്പോൾ ഷോർട്‌സും വർക്ക് ബൂട്ടും മാത്രമാണ് ധരിച്ചിരുന്നത്. ചൂട് കാരണം ഷർട്ട് അഴിച്ചുമാറ്റിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടന്നു. ഏകദേശം 80 പേരാണ് രാവിലെ തിരച്ചിലിൽ പങ്കെടുത്തത്. ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലും സാധാരണ വഴികളിൽ നിന്ന് മാറിയുള്ള വനമേഖലകളിലുമാണ് പ്രധാനമായും പരിശോധന നടത്തുന്നത്. കാട്ടിൽ കഴിഞ്ഞ ഏതാനും രാത്രികൾ അതിജീവിക്കാൻ വില്യമിന് കഴിഞ്ഞിരിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വിക്ടോറിയയിൽ കാണാതായ 17കാരനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു
(Supplied)

ക്യാമ്പിങ് കേന്ദ്രത്തിൽ നിന്ന് ഒരു ടാക്കിൾ ബോക്‌സ്, തലയണകൾ, മടക്കിവെക്കാവുന്ന മേശ എന്നിവയും കാണാതായിട്ടുണ്ട്. വില്യമിന്റേതെന്ന് കരുതുന്ന ധാന്യഭക്ഷണവും മാർഷ്മലോയും അടങ്ങിയ പെട്ടി തിരച്ചിലിനിടെ ക്യാമ്പിങ് കേന്ദ്രത്തിന് സമീപം കണ്ടെത്തി. വില്യമിനെക്കുറിച്ച് കൂടുതൽ ആശങ്കയിലാണെന്ന് കുടുംബം അറിയിച്ചു. തിങ്കളാഴ്ച അധികൃതരുടെ അഭ്യർഥനയെ തുടർന്ന് മുന്നോട്ടുവന്ന ഒരു പുരുഷനോടും സ്ത്രീയോടും പൊലീസ് സംസാരിച്ചിട്ടുണ്ട്. ഇവർ അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ നൽകിയതായി പൊലീസ് വ്യക്തമാക്കി. പബ്ലിക് ഓർഡർ റെസ്‌പോൺസ് ടീം, ഡോഗ് സ്‌ക്വാഡ്, മൗണ്ടഡ് ബ്രാഞ്ച്, സെർച്ച് ആൻഡ് റെസ്‌ക്യൂ സംഘം എന്നിവയുടെ സഹായത്തോടെയാണ് തിരച്ചിൽ. മാഫ്ര, സെയിൽ, റോസ്‌ഡെയിൽ, മോർവെൽ, ബെയർൻസ്‌ഡേൽ എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും ഗിപ്‌സ്‌ലാൻഡ് മോട്ടോർസൈക്കിൾ വിഭാഗവും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. തിരച്ചിൽ ഏകോപിപ്പിക്കാൻ കൗവാറിൽ കമാൻഡ് പോസ്റ്റും സജ്ജമാക്കിയിട്ടുണ്ട്. വില്യമിനെ കാണുന്നവർ അടിയന്തര സേവന നമ്പറായ 000-ൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സിനെയും അറിയിക്കണം.

തിരച്ചിലിനിടെ മറ്റൊരു വയോധികന്റെ മൃതദേഹം കണ്ടെത്തി

വില്യമിനായുള്ള തിരച്ചിലിനിടെ വാറ്നാംബൂളിൽ നിന്നുള്ള 76കാരന്റെ മൃതദേഹവും വനമേഖലയിൽ കണ്ടെത്തി. നവംബർ നാലിനാണ് ജെഫ്രി എന്ന വയോധികനെ കാണാതായതായി റിപ്പോർട്ട് ലഭിച്ചത്. വാൾഹല്ലയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ചർച്ച് റോഡിലാണ് അവസാനമായി കണ്ടത്. വില്യമിനായുള്ള തിരച്ചിലുമായി ഈ മരണത്തിന് ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. മരണത്തിൽ അസ്വാഭാവികതയുള്ളതായി സംശയിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.