
ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ഓസ്‌ട്രേലിയയിൽ നിന്ന് പുറത്തുവരുന്നത് അത്ര നല്ല വാർത്തകൾ അല്ല. മെൽബണിലെ ഇന്ത്യൻ കോൺസൽ ജനറലിന്റെ ഓഫീസിന് പുറത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം ഖാലിസ്ഥാൻ അനുകൂലികൾ അലങ്കോലപ്പെടുത്തി. ഇന്ത്യൻ പൗരന്മാർ സമാധാനപരമായി ഒത്തുകൂടിയ വേളയിൽ, ചില ഖാലിസ്ഥാൻ “ഗുണ്ടകൾ” ബഹളം സൃഷ്ടിക്കുകയും കോൺസുലേറ്റ് വളപ്പിന് പുറത്ത് പതാകകൾ ഉയർത്തി പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്തതായി ‘ദി ഓസ്‌ട്രേലിയ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ, ഇന്ത്യൻ സമൂഹവും ഖാലിസ്ഥാൻ അനുകൂലികളും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടക്കുന്നതും, ശാരീരിക ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് തടയാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതും കാണാം.
ഇപ്പോൾ നടന്ന ഈ സംഭവം, ആഴ്ചകൾക്ക് മുൻപ് മെൽബണിലെ ഒരു ഹിന്ദു ക്ഷേത്രം വിദ്വേഷം നിറഞ്ഞ ചുവരെഴുത്തുകളാൽ വികൃതമാക്കപ്പെട്ടതിന് പിന്നാലെയാണ് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ബൊറോണിയയിലുള്ള സ്വാമിനാരായണ ക്ഷേത്രം വിദ്വേഷ സന്ദേശങ്ങൾ കൊണ്ട് നശിപ്പിക്കപ്പെട്ടു. സമീപത്തുള്ള രണ്ട് ഏഷ്യൻ റെസ്റ്റോറന്റുകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം ക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണത്തെ ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ വിക്ടോറിയ ചാപ്റ്ററിന്റെ തലവൻ മക്രന്ദ് ഭഗവത് ശക്തമായി അപലപിച്ചു. “നമ്മുടെ ക്ഷേത്രം സമാധാനത്തിന്റെയും ഭക്തിയുടെയും ഐക്യത്തിന്റെയും ഒരു സങ്കേതമാകാൻ ഉദ്ദേശിച്ചുള്ളതാണ്. അത് നശിപ്പിക്കപ്പെടുന്നത് കാണുന്നത് നമ്മുടെ സ്വത്വത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമായി തോന്നി,” അദ്ദേഹം പറഞ്ഞു.