ഇൻഷുറൻസ് ക്ലെയിം വൈകിപ്പിച്ചു; ഹോളാർഡിന് 2 മില്യൺ ഡോളർ പിഴ

ക്ലെയിം വേഗത്തിൽ വിലയിരുത്തുന്നതിലും അറ്റകുറ്റപ്പണികൾ നടത്തുന്നതിലും വീട് കൂടുതൽ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിലും വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫെഡറൽ കോടതി നടപടി.
ഇൻഷുറൻസ് ക്ലെയിം വൈകിപ്പിച്ചു; ഹോളാർഡിന് 2 മില്യൺ ഡോളർ പിഴ
ഹോളാർഡ് ASIC-ന്റെ നിയമച്ചെലവും നൽകണം.
Published on: 

വിക്ടോറിയയിലെ പ്രാദേശിക മേഖലയിൽ കൊടുങ്കാറ്റിൽ കേടുപാടുകൾ സംഭവിച്ച വീട് താമസയോഗ്യമല്ലാതായിട്ടും ഇൻഷുറൻസ് ക്ലെയിം നടപടികൾ വൈകിപ്പിച്ച ഇൻഷുറൻസ് കമ്പനിയായ ഹോളാർഡിന് 2 മില്യൺ ഡോളർ പിഴ. ക്ലെയിം വേഗത്തിൽ വിലയിരുത്തുന്നതിലും അറ്റകുറ്റപ്പണികൾ നടത്തുന്നതിലും വീട് കൂടുതൽ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിലും വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫെഡറൽ കോടതി നടപടി.

Also Read
16 വർഷത്തിന് ശേഷം പൗഡർഫിംഗർ വീണ്ടും ഒന്നിക്കുന്നു; ഓസ്‌ട്രേലിയയിൽ റീയൂണിയൻ ടൂർ
ഇൻഷുറൻസ് ക്ലെയിം വൈകിപ്പിച്ചു; ഹോളാർഡിന് 2 മില്യൺ ഡോളർ പിഴ

2021 ഒക്ടോബറിൽ കൊടുങ്കാറ്റിൽ വീടിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് പിന്നാലെ ദമ്പതികൾ ഇൻഷുറൻസ് ക്ലെയിം നൽകിയിരുന്നു. എന്നാൽ പരിശോധനകളും റിപ്പോർട്ടുകളും അറ്റകുറ്റപ്പണികളും കമ്പനി ആവർത്തിച്ച് വൈകിപ്പിച്ചു. ഒടുവിൽ 2023 ഏപ്രിലിൽ ക്ലെയിം നിരസിക്കുകയും ചെയ്തു. മുൻപ് തയ്യാറാക്കിയ വിദഗ്ധ റിപ്പോർട്ടുകളിൽ നാശനഷ്ടങ്ങൾ വ്യക്തമാക്കിയിരുന്നിട്ടും വിദഗ്ധനല്ലാത്ത ഒരാളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ക്ലെയിം നിരസിച്ചതെന്ന് ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് കമ്മീഷൻ (ASIC) ചൂണ്ടിക്കാട്ടി. ഇൻഷുറൻസ് നടപടികളിൽ പരമാവധി സത്യസന്ധതയും നല്ല വിശ്വാസവും പുലർത്തേണ്ട ബാധ്യത കമ്പനി ലംഘിച്ചെന്നാണ് ആരോപണം. ദമ്പതികൾക്ക് താൽക്കാലിക താമസസൗകര്യം കണ്ടെത്തുന്നതിൽ കാലതാമസം വരുത്തിയതും വിദഗ്ധ റിപ്പോർട്ടുകൾ പരിഗണിക്കാതിരുന്നതും ക്ലെയിം നടപടികളുടെ പുരോഗതി കൃത്യമായി അറിയിക്കാതിരുന്നതും കോടതിയുടെ കണ്ടെത്തലുകളിൽ ഉൾപ്പെടുന്നു. ഹോളാർഡ് ASIC-ന്റെ നിയമച്ചെലവും നൽകണം. ഹോളാർഡിനെതിരെ ASIC 2025 ഏപ്രിലിലാണ് കോടതിയെ സമീപിച്ചത്. ഓസ്‌ട്രേലിയയിലെ വലിയ സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലൊന്നായ ഹോളാർഡ് വാഹന, വീട്, വീട്ടുപകരണങ്ങൾ, വളർത്തുമൃഗങ്ങൾ, ബിസിനസ് തുടങ്ങിയ മേഖലകളിൽ ഇൻഷുറൻസ് നൽകുന്നു. കോമൺവെൽത്ത് ബാങ്കിന്റെ ഇൻഷുറൻസ് ഉൽപ്പന്നമായ എവരിഡേ ഇൻഷുറൻസ്, റിയൽ ഇൻഷുറൻസ്, ഓസ്‌ട്രേലിയൻ സീനിയേഴ്‌സ്, സ്റ്റെഡ്ഫാസ്റ്റ് തുടങ്ങിയ ബ്രാൻഡുകൾക്ക് പിന്നിലും ഹോളാർഡാണ്.

Metro Australia
maustralia.com.au