

മെൽബൺ: മെൽബണിലെ തെക്കുപടിഞ്ഞാറൻ മേഖലയായ അൽട്ടോണ നോർത്തിൽ കഫേയ്ക്ക് പുറത്ത് ഒരാൾക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതി ഒളിവിൽ. വെള്ളിയാഴ്ച രാത്രി ഉണ്ടായ സംഭവം ഡ്രൈവ്-ബൈ ഷൂട്ടിംഗ് ആണെന്നാണ് പൊലീസിന്റെ സംശയം. രാത്രി ഏഴ് മണിക്ക് പിന്നാലെയാണ് Borrack Square-ലെ Café Squared-ന് സമീപം വെടിവയ്പുണ്ടായത്. ഒന്നിലധികം വെടിയൊച്ചകൾ കേട്ടതോടെ രണ്ട് പേർ സുരക്ഷിത സ്ഥാനത്തേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങൾ കഫേയിലെ CCTV-യിൽ പതിഞ്ഞിട്ടുണ്ട്.
വെടിയേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്കുകൾ ജീവന് ഭീഷണിയല്ലെന്നാണ് റിപ്പോർട്ട്. വെടിയേറ്റയാൾ മെൽബൺ അധോലോകവുമായി ബന്ധമുള്ളതായി കരുതപ്പെടുന്ന Fadi Haddaraയുമായി ബന്ധമുള്ളയാളാണെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ച അൽട്ടോണ നോർത്തിൽ സ്വന്തം വീട്ടിലേക്ക് കാർ ഓടിച്ചെത്തുന്നതിനിടെ ഹദ്ദാരയ്ക്ക് നേരെ ഗ്യാങ്‌ലാൻഡ് ശൈലിയിലുള്ള ആക്രമണമുണ്ടായിരുന്നു. കുറഞ്ഞത് നാല് തവണ വെടിയേറ്റ 48കാരൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വെള്ളിയാഴ്ച രാത്രിയിലെ വെടിവയ്പിന് പിന്നാലെ പ്രതികൾ അതിവേഗം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ വർഷം മാത്രം Borrack Square-ൽ നടക്കുന്ന മൂന്നാമത്തെ വെടിവയ്പുമായി ബന്ധപ്പെട്ട സംഭവമാണിത്. തുടർച്ചയായ അക്രമസംഭവങ്ങളിൽ പ്രദേശത്തെ വ്യാപാരികളും ആശങ്കയിലാണ്. മേഖലയിലെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ വ്യാപാരികൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.