

ഇന്നലെ ഉച്ചകഴിഞ്ഞ് വിക്ടോറിയയിലെ റീജിയണലിൽ ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഒരു മിനിവാൻ അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. മെൽബണിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ വടക്കുള്ള മുക്കത്തയിലെ ചാപ്പൽ റോഡിൽ വൈകുന്നേരം 5 മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് വാൻ ഒരു മരത്തിൽ ഇടിക്കുകയായിരുന്നു. യാത്രക്കാരായ മൂന്ന് കുട്ടികളെ ഗുരുതരമായ പരിക്കുകളോടെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കുകളോടെ ഡ്രൈവറെയും മറ്റൊരു യാത്രക്കാരനെയും റോഡ് മാർഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആംബുലൻസ് വിക്ടോറിയയുടെ മൂന്ന് എയർ ആംബുലൻസുകളും മൊബൈൽ ഇന്റൻസീവ് കെയർ ആംബുലൻസും അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് പാരാമെഡിക്കുകളും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. കൂടെ ഒരു ഫിക്സഡ് വിംഗ് എയർ ആംബുലൻസ് വിമാനവും ഉണ്ടായിരുന്നു. അപകടത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.