

ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കൻ ക്വീൻസ്‌ലൻഡിൽ കനത്ത മഴയും വെള്ളപ്പൊക്കവും സൃഷ്ടിച്ച ദുരിതം കുറയുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്ര ഇടിമിന്നൽ മുന്നറിയിപ്പ്. ശക്തമായ കാറ്റ്, വലിയ ആലിപ്പഴവർഷം, മിന്നൽപ്രളയം എന്നിവയ്ക്ക് കാരണമാകാവുന്ന സൂപ്പർസെൽ ഇടിമിന്നൽക്കാറ്റുകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ക്വീൻസ്‌ലൻഡിൽ റെക്കോർഡ് മഴയെ തുടർന്ന് നൂറുകണക്കിന് അടിയന്തര സഹായ അഭ്യർഥനകളും നിരവധി വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങളും വേണ്ടിവന്നിരുന്നു. വാരാന്ത്യത്തിലും അടുത്ത ആഴ്ചയുടെ തുടക്കത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.
ശനിയാഴ്ച ക്വീൻസ്‌ലൻഡിന്റെ മധ്യ, തെക്കുകിഴക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ന്യൂ സൗത്ത് വെയിൽസിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ നിന്ന് നീങ്ങുന്ന ശക്തമായ ശീതമുൻനിര ഉഷ്ണമേഖലാ ഈർപ്പവുമായി ചേരുന്നതോടെ സൗത്ത് ഓസ്‌ട്രേലിയ മുതൽ വിക്ടോറിയ, ടാസ്മാനിയ എന്നിവിടങ്ങളിലേക്ക് മഴ വ്യാപിക്കാനിടയുണ്ട്. ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷവും ശക്തമായ വായുപ്രവാഹവും ചേരുന്നതോടെ ചില മേഖലകളിൽ ഇടിമിന്നൽ അതിതീവ്രമാകാം. കനത്ത മഴയ്ക്കും നാശനഷ്ടമുണ്ടാക്കുന്ന കാറ്റിനും ഒറ്റപ്പെട്ട ആലിപ്പഴവർഷത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഞായറാഴ്ച കൂടുതൽ ജാഗ്രത
ഞായറാഴ്ച മധ്യ, കിഴക്കൻ വിക്ടോറിയയിലും ന്യൂ സൗത്ത് വെയിൽസിന്റെ ചില ഭാഗങ്ങളിലും കാലാവസ്ഥ കൂടുതൽ മോശമാകാനിടയുണ്ട്. ചൂടും ഈർപ്പവുമുള്ള വായുവിലേക്ക് ശീതമുൻനിര പ്രവേശിക്കുന്നതോടെ ശക്തമായ ഇടിമിന്നൽക്കാറ്റുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. വലിയ ആലിപ്പഴം, ശക്തമായ കാറ്റ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് കാരണമാകുന്ന സൂപ്പർസെൽ എന്ന അപൂർവവും അപകടകരവുമായ ഇടിമിന്നൽക്കാറ്റുകളാണ് പ്രധാന ആശങ്ക. മധ്യ ഉൾനാടൻ, തെക്കൻ ന്യൂ സൗത്ത് വെയിൽസ്, വടക്കുകിഴക്കൻ വിക്ടോറിയ എന്നിവിടങ്ങളിലാണ് ഇവയ്ക്കുള്ള സാധ്യത കൂടുതൽ. ക്വീൻസ്‌ലൻഡിന്റെ പടിഞ്ഞാറൻ മേഖലകളിലും നോർത്തേൺ ടെറിട്ടറിയുടെ തെക്കൻ ഭാഗങ്ങളിലും ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നലിനും സാധ്യതയുണ്ട്.
പ്രധാന നഗരങ്ങളെയും കാലാവസ്ഥ ബാധിച്ചേക്കും. ഞായറാഴ്ച രാവിലെ മെൽബണിലും ഉച്ചകഴിഞ്ഞ് കാൻബറയിലും വൈകുന്നേരത്തോടെ സിഡ്‌നിയിലും ഇടിമിന്നൽ എത്താനിടയുണ്ട്. ബ്രിസ്‌ബേനിൽ വീണ്ടും മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നു. അഡ്‌ലെയ്ഡിലും ഹോബാർട്ടിലും മഴയുണ്ടാകുമെങ്കിലും അതിതീവ്ര ഇടിമിന്നൽ സാധ്യത കുറവാണെന്നാണ് പ്രവചനം. തിങ്കളാഴ്ച സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ, ടാസ്മാനിയ എന്നിവിടങ്ങളിൽ കാലാവസ്ഥ മെച്ചപ്പെടാനിടയുണ്ടെങ്കിലും ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്‌ലൻഡിലും മോശം കാലാവസ്ഥ തുടരും. ഉൾനാടൻ ക്വീൻസ്‌ലൻഡിലും വടക്കുകിഴക്കൻ ന്യൂ സൗത്ത് വെയിൽസിലും ശക്തമാകുന്ന ഇടിമിന്നൽ പിന്നീട് ബ്രിസ്‌ബേൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് നീങ്ങിയേക്കാം.
അടുത്ത ദിവസങ്ങളിൽ തെക്കുകിഴക്കൻ ക്വീൻസ്‌ലൻഡിലും ന്യൂ സൗത്ത് വെയിൽസിന്റെ വടക്കൻ മേഖലകളിലും 50 മില്ലിമീറ്ററിലധികം അധികമഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ചൊവ്വാഴ്ചയോടെ ഇടിമിന്നൽ പ്രധാനമായും ഉഷ്ണമേഖലാ മേഖലകളിലേക്ക് നീങ്ങുമെങ്കിലും ആഴ്ചയുടെ അവസാനത്തോടെ രാജ്യത്തിന്റെ മധ്യ, തെക്കുകിഴക്കൻ ഭാഗങ്ങളിൽ വീണ്ടും ശക്തമായ കാലാവസ്ഥാ വ്യതിയാനമുണ്ടാകാനുള്ള സാധ്യതയും പ്രവചന മാതൃകകൾ സൂചിപ്പിക്കുന്നു.
ഒക്ടോബറിലെ മഴ റെക്കോർഡുകൾ തകർന്നു
വെതർസോൺ റിപ്പോർട്ട് പ്രകാരം, ക്വീൻസ്‌ലൻഡിൽ പെയ്ത അതിശക്തമായ മഴ ഒക്ടോബറിലെ നിരവധി മഴ റെക്കോർഡുകൾ തകർത്തു. ബുധനാഴ്ച രാവിലെ ഒൻപത് മുതൽ വെള്ളിയാഴ്ച രാവിലെ ഒൻപത് വരെയുള്ള 48 മണിക്കൂറിനിടെ കുറഞ്ഞത് എട്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി.
ഷീപ് സ്റ്റേഷൻ ക്രീക്കിൽ 340 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. ഇതിൽ വ്യാഴാഴ്ച മാത്രം 263 മില്ലിമീറ്റർ മഴയാണ് പെയ്തത്. നാംബറിൽ വെള്ളിയാഴ്ച രാവിലെവരെ 401 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 1952ൽ രേഖപ്പെടുത്തിയ 370.6 മില്ലിമീറ്ററായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ബിയർബറത്തിൽ 354.2 മില്ലിമീറ്റർ മഴ ലഭിച്ചതോടെ 1898ൽ സ്ഥാപിച്ച ഒക്ടോബറിലെ റെക്കോർഡും മറികടന്നു. ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന മേഖലകളിൽ താമസിക്കുന്നവർ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വെള്ളം കയറിയ റോഡുകളിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.