
സിഡ്നി: ഓസ്ട്രേലിയയിൽ നിന്ന് നേരിട്ട് യൂറോപ്പിലേക്ക് വിമാനസർവീസ് ആരംഭിക്കുവാൻ ടർക്കിഷ് എയർലൈൻസ്. യാത്രക്കാർക്ക് സമയലാഭവും മികച്ച സൗകര്യവും ഉറപ്പുവരുത്തുന്ന സർവീസ് വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, 2026 അവസാനത്തോടെ സിഡ്‌നിയിൽ നിന്ന് ഇസ്താംബൂളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയയും തുർക്കിയും തമ്മിലുള്ള ടൂറിസവും ബിസിനസ് കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഏഷ്യയിലും യൂറോപ്പിലും ടർക്കിഷ് എയർലൈൻസ് മികച്ച സര്വീസുകൾ നടത്തുന്നതിനാൽ പുതിയ റൂട്ട് ഇരുഭൂഖണ്ഡങ്ങൾക്കും ഇടയിലുള്ള യാത്ര സുഗമമാക്കും.
കൂടാതെ, അടുത്ത വർഷം തന്നെ മെൽബൺ-ഇസ്താംബൂൾ റൂട്ട് ആരംഭിക്കുവാനും ടർക്കിഷ് എയർലൈൻ ഉദ്ദേശിക്കുന്നു.
ഓസ്‌ട്രേലിയയ്ക്കും തുർക്കിക്കും ഇടയിൽ രണ്ടാമത്തെ നേരിട്ടുള്ള കണക്ഷൻ ആയിരിക്കുമിത്. ഏഷ്യ-പസഫിക് മേഖലയിൽ തുർക്കിഷ് എയർലൈൻസ് സാന്നിധ്യം ശക്തിപ്പെടുത്തുന്നത് തുടരുന്നതിന്റെ ഭാഗമായാണ് പുതിയ ദീർഘദൂര സർവീസുകൾ എയർലൈൻസ് ആരംഭിക്കുന്നത്.
അതേസമയം, 2026 ഓടെ ഓക്ക്‌ലാൻഡിനും ഇസ്താംബൂളിനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനും തുർക്കിഷ് എയർലൈൻസ് ആലോചിക്കുന്നു. ന്യൂസിലൻഡും തുർക്കിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും, സേവനം കുറഞ്ഞ വിപണിയിലേക്ക് കടന്നുചെല്ലാനും, ഇരു രാജ്യങ്ങളും പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യപ്രദമായ ഒരു യാത്രാ ഓപ്ഷൻ വാഗ്ദാനം ചെയ്യാനും ഈ റൂട്ട് ലക്ഷ്യമിടുന്നു.