10ൽ ഒരാൾക്ക് പോലും മതിയായ അളവിൽ ലഭിക്കാത്ത പോഷകം; പരിഹാരമായി ഒരു ഭക്ഷണം

ഓസ്‌ട്രേലിയക്കാരിൽ പത്തിൽ ഒരാൾക്ക് പോലും ഭക്ഷണത്തിലൂടെ ആവശ്യമായ അളവിൽ ഒമേഗ-3 ലഭിക്കുന്നില്ലെന്നാണ് കണക്ക്.
ഒമേഗ-3 ലഭ്യത വർധിപ്പിക്കാൻ സാൽമൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ
(iStock)
Published on: 

2026ൽ സാർഡിൻ മത്സ്യത്തിന് ലഭിച്ച ജനപ്രീതിക്കിടെ ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ സാൽമണിനെയും അവഗണിക്കരുതെന്ന് ഡയറ്റീഷ്യൻമാർ. ഉയർന്ന പ്രോട്ടീൻ അടങ്ങിയ സാൽമൺ ശരീരത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡിന്റെ സമ്പന്നമായ പ്രകൃതിദത്ത ഉറവിടങ്ങളിലൊന്നാണ്. ഓസ്‌ട്രേലിയക്കാരിൽ പത്തിൽ ഒരാൾക്ക് പോലും ഭക്ഷണത്തിലൂടെ ആവശ്യമായ അളവിൽ ഒമേഗ-3 ലഭിക്കുന്നില്ലെന്നാണ് കണക്ക്. ഒരു സർവിംഗ് സാൽമണിൽ മുതിർന്ന ഒരാൾക്ക് ഒരു ദിവസത്തേക്ക് ശുപാർശ ചെയ്യുന്ന അളവിലുള്ള ഒമേഗ-3 ലഭിക്കുമെന്ന് ഡയറ്റീഷ്യൻ സൂസി ബറൽ പറയുന്നു.

ശരീരത്തിലെ വീക്കം നിയന്ത്രിക്കുന്നതിനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഒമേഗ-3 പ്രധാനമാണ്. ചർമ്മവും കണ്ണുകളും വരണ്ടുപോകുക, മാനസികാവസ്ഥ താഴുക, സന്ധിവേദന, ഉയർന്ന കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ, സ്ഥിരമായ ക്ഷീണം എന്നിവ ഒമേഗ-3യുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ടിരിക്കാമെന്നും ബറൽ പറയുന്നു. ഓസ്‌ട്രേലിയക്കാർ ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണ മത്സ്യം കഴിക്കണമെന്നാണ് ശുപാർശ. ആഴ്ചയിൽ രണ്ട് തവണയെങ്കിലും സാൽമൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒമേഗ-3യുടെ ലഭ്യത വർധിപ്പിക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. ഫ്രഷ്, ഫ്രോസൺ, ടിൻ ചെയ്ത സാൽമൺ എന്നിവയെല്ലാം ഒമേഗ-3യുടെ നല്ല ഉറവിടങ്ങളാണ്. എന്നാൽ ഫ്രഷ് സാൽമൺ കഴിക്കുമ്പോൾ അതിന്റെ തൊലിയും ഉൾപ്പെടുത്തുന്നത് കൂടുതൽ ഗുണകരമാണ്. സാൽമൺ തൊലിയിൽ ഗണ്യമായ അളവിൽ ഒമേഗ-3 അടങ്ങിയിട്ടുണ്ടെന്നും നന്നായി ക്രിസ്പിയാക്കി കഴിക്കാമെന്നും ബറൽ പറയുന്നു.

സാൽമണിന്റെ രുചി ഇഷ്ടമല്ലാത്തവർക്ക് ഒമേഗ-3 സപ്ലിമെന്റുകളും പരിഗണിക്കാം. എന്നാൽ വിവിധ പോഷകങ്ങൾ ഒരുമിച്ച് ലഭിക്കുന്നതിനാൽ പ്രകൃതിദത്തവും സംസ്കരിക്കാത്തതുമായ ഭക്ഷണങ്ങളാണ് മികച്ചതെന്നും ബറൽ ചൂണ്ടിക്കാട്ടുന്നു. പാസ്ത, സലാഡ്, സാൽമൺ കേക്കുകൾ, ഫ്രിറ്ററുകൾ തുടങ്ങി വിവിധ വിഭവങ്ങളിൽ സാൽമൺ ഉപയോഗിക്കാം. പച്ചക്കറികൾ, അൽപം പാസ്ത, ക്രീം ചീസ് അല്ലെങ്കിൽ ഗോട്ട് ചീസ് എന്നിവയ്ക്കൊപ്പം സാൽമൺ ഓവനിൽ ബേക്ക് ചെയ്ത് 20 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന വിഭവം എളുപ്പമുള്ള ആരോഗ്യകരമായ അത്താഴ ഓപ്ഷനാണെന്നും ബറൽ പറയുന്നു.

Metro Australia
maustralia.com.au