
പതിനൊന്നായിരം പേർ മാത്രം താമസിക്കുന്ന ഒരു ദ്വീപാണ് ടുവാലു. തെക്കന്‍ ശാന്തസമുദ്രത്തില്‍ ഓസ്ട്രേലിയയ്ക്കും ഹവായ്ക്കും ഇടയിലാണ് ഒമ്പത് കുഞ്ഞന്‍ ദ്വീപുകളുടെ കൂട്ടമായ ടുവാലു സ്ഥിതി ചെയ്യുന്നത്. വലുപ്പത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്താണ്. എന്നാൽ ഇപ്പോൾ ഈ രാജ്യത്തെ മൂന്നിലൊന്നിലേറെ ജനങ്ങൾ മറ്റൊരു രാജ്യത്തെ വിസയ്ക്ക് അപേക്ഷിക്കുന്നു! തെക്കൻ ശാന്തസമുദ്രത്തിലെ ഈ കുഞ്ഞൻ ദ്വീപ്, കടൽനിരപ്പ് ഉയരുംതോറും മുങ്ങിക്കൊണ്ടിരിക്കുകയാണ്. 2023-ൽ ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ച 'കാലാവസ്ഥാവിസ' യിലൂടെ ടുവാലുവിൽ നിന്ന് ഒഴിഞ്ഞുപോകാൻ ശ്രമം നടത്തുകയാണ് നാട്ടുകാർ. ടുവാലുവും ഓസ്ട്രേലിയയും ഒപ്പിട്ട കാലാവസ്ഥാ-സുരക്ഷാ ഉടമ്പടിപ്രകാരമാണ് വിസ നൽകൽ. വിസയില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും 'കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ഭീഷണി'യോടുള്ള പ്രതികരണമായിട്ടാണ് വിസ പദ്ധതി.
കടല്‍നിരപ്പ് ഉയരുംതോറും മുങ്ങിക്കൊണ്ടിരിക്കുന്ന ടുവാലുവിൽ ജലക്ഷാമം, ആവാസവ്യവസ്ഥയുടെ നാശം, വര്‍ദ്ധിച്ചുവരുന്ന തീവ്ര കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍പ്പെടെ വലിയ ഭീഷണികളെയും നേരിടുകയാണ്. ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിന്റേയും തീരശോഷണത്തിന്റേയും ഭീഷണി ഏറ്റവുമധികം നേരിടുന്ന രാജ്യം. ഈ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ വ്യാപകമായി രാജ്യം ഉപേക്ഷിച്ച് മറ്റ് സുരക്ഷിത രാജ്യങ്ങളിലേക്ക് മാറുന്നത്. ഈ മാസം ഓസ്‌ട്രേലിയ വിസാ നറുക്കെടുപ്പ് ആരംഭിച്ചതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം 1124 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിൽ കുടുംബാംഗങ്ങളും ചേരുമ്പോള്‍ അപേക്ഷകരുടെ എണ്ണം 4052 ആകും. ജൂലായ് 18 വരെ അപേക്ഷ സ്വീകരിക്കും. വര്‍ഷം 280 വിസയാണ് ഓസ്‌ട്രേലിയ അനുവദിക്കുക. ഈ സ്ഥിതി തുടര്‍ന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ടുവാലുക്കാരും രാജ്യം വിടുമെന്നാണ് വിലയിരുത്തൽ.