

ലൊൻസെസ്റ്റൺ: ടാസ്മാനിയയിലെ ഏറ്റവും ജനപ്രിയ വാർത്താ ചാനലായ '7ന്യൂസ് ടാസ്മാനിയ' (7NEWS Tasmania) തങ്ങളുടെ ലൊാൻസെസ്റ്റൺ സ്റ്റുഡിയോ അടച്ചുപൂട്ടുന്നു. അടുത്ത മാസം മുതൽ വാർത്താ ബുള്ളറ്റിനുകൾ ഹോബാർട്ടിലെ സ്റ്റുഡിയോയിൽ നിന്നും കൺട്രോൾ റൂം പ്രവർത്തനങ്ങൾ കാൻബറയിൽ നിന്നുമായിരിക്കും നടക്കുക. 1962 മുതൽ ലൊാൻസെസ്റ്റണിൽ നിന്ന് പ്രക്ഷേപണം ചെയ്തിരുന്ന രാത്രികാല വാർത്താ ബുള്ളറ്റിനുകളുടെ നീണ്ട ചരിത്രത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.
പ്രമുഖ വാർത്താ അവതാരക കിം മില്ലർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഹോബാർട്ടിലേക്ക് മാറാനോ അല്ലെങ്കിൽ പിരിഞ്ഞുപോകാനോ (Redundancy) ഉള്ള നിർദ്ദേശം മാനേജ്‌മെന്റ് നൽകിയിട്ടുണ്ട്. സതേൺ ക്രോസ് ഓസ്‌ട്രേലിയയുമായുള്ള ലയനത്തെത്തുടർന്ന് ഹോബാർട്ടിലെ അത്യാധുനിക സ്റ്റുഡിയോ സൗകര്യം ലഭ്യമായതിനാലാണ് ഈ മാറ്റമെന്ന് സെവൻ വക്താവ് അറിയിച്ചു. എന്നാൽ വാർത്താശേഖരണത്തിനായി നിലവിലുള്ള റിപ്പോർട്ടർമാരുടെയും ക്യാമറാമാൻമാരുടെയും എണ്ണത്തിൽ കുറവുണ്ടാകില്ലെന്ന് നെറ്റ്‌വർക്ക് വ്യക്തമാക്കിയിട്ടുണ്ട്.
മുതിർന്ന അവതാരകരും ജീവനക്കാരും നേരിടുന്ന ഈ അനിശ്ചിതത്വത്തിൽ മുൻ വാർത്താ അവതാരകയും നിലവിലെ ടാസ്മാനിയൻ മന്ത്രിയുമായ ജോ പാമർ ആശങ്ക രേഖപ്പെടുത്തി. ടാസ്മാനിയക്കാർക്ക് സ്വന്തം നാട്ടിലെ വാർത്തകൾ നാട്ടുകാരായ മാധ്യമപ്രവർത്തകരിൽ നിന്ന് തന്നെ കേൾക്കാനാണ് താല്പര്യമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് തവണ ഉടമസ്ഥാവകാശം മാറിയ സ്റ്റേഷനിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. മെയ് 25 മുതലായിരിക്കും ഹോബാർട്ടിലെ പുതിയ സ്റ്റുഡിയോയിൽ നിന്നുള്ള ആദ്യ ബുള്ളറ്റിൻ സംപ്രേഷണം ചെയ്യുക. ലൊാൻസെസ്റ്റണിലെ ചാൾസ് സ്ട്രീറ്റിലുള്ള സ്റ്റുഡിയോ കഴിഞ്ഞ ആഴ്ച വാടകയ്ക്ക് നൽകാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.