രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ലോൺസെസ്റ്റൺ ജനറൽ ഹോസ്പിറ്റൽ പ്രതിസന്ധിയിൽ

അതിതീവ്ര ആരോഗ്യ പ്രശ്നങ്ങളുള്ള രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് ആശുപത്രിയുടെ പ്രവർത്തന ശേഷിയെ ദോഷകരമായി ബാധിച്ചതെന്ന് ടാസ്മാനിയൻ ഹെൽത്ത് സെക്രട്ടറി ഡെയ്ൽ വെബ്‌സ്റ്റർ വ്യക്തമാക്കി.
രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ലോൺസെസ്റ്റൺ ജനറൽ ഹോസ്പിറ്റൽ പ്രതിസന്ധിയിൽ
ABC News: Luke Bowden
Published on

ഹോബാർട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലുള്ള പ്രമുഖ ചികിൽസാ കേന്ദ്രമായ ലോൺസെസ്റ്റൺ ജനറൽ ഹോസ്പിറ്റലിൽരോഗികളുടെ എണ്ണത്തിലുണ്ടായ അമിതമായ വർദ്ധനവ് മൂലം അഡ്മിഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ കടുത്ത പ്രതിസന്ധിയിലായതായി റിപ്പോർട്ട്. അതിതീവ്ര ആരോഗ്യ പ്രശ്നങ്ങളുള്ള രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് ആശുപത്രിയുടെ പ്രവർത്തന ശേഷിയെ ദോഷകരമായി ബാധിച്ചതെന്ന് ടാസ്മാനിയൻ ഹെൽത്ത് സെക്രട്ടറി ഡെയ്ൽ വെബ്‌സ്റ്റർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ മെഡിക്കൽ എമർജൻസി ഉള്ളവർ മാത്രമായി ആശുപത്രി സേവനങ്ങൾ പരിമിതപ്പെടുത്തണമെന്നും, മറ്റുള്ളവർ ഒപി അപ്പോയിന്റ്മെന്റുകൾക്കായി സംസ്ഥാനത്തെ ബൾക്ക് ബിൽഡ് മെഡിക്കൽ അർജന്റ് കെയർ ക്ലിനിക്കുകളെ ആശ്രയിക്കണമെന്നും അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം അഭ്യർത്ഥിച്ചു.

ആശുപത്രിയിലുടനീളം ആകെ മൂന്ന് ബെഡുകൾ മാത്രമാണ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നതെന്ന് ഓസ്‌ട്രേലിയൻ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ഫെഡറേഷൻ ചൂണ്ടിക്കാണിച്ചു. എമർജൻസി ഡിപ്പാർട്ട്‌മെന്റിലും ആശുപത്രിയുടെ മറ്റ് വിഭാഗങ്ങളിലും രോഗികളുടെ ഒഴുക്ക് നിയന്ത്രിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണ് ഈ തടസ്സത്തിന് കാരണമെന്ന് യൂണിയൻ ബ്രാഞ്ച് സെക്രട്ടറി എമിലി ഷെപ്പേർഡ് വ്യക്തമാക്കി. കഴിഞ്ഞ നാല് ആഴ്ചകളായി ആശുപത്രി സമാനമായ ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, കഴിഞ്ഞ ആഴ്ച എമർജൻസി വിഭാഗം തിങ്ങിനിറഞ്ഞ് തികച്ചും അസുരക്ഷിതമായ സാഹചര്യമാണ് നിലനിന്നിരുന്നതെന്നും യൂണിയൻ റിപ്പോർട്ട് ചെയ്തു. ടാസ്മാനിയൻ ആരോഗ്യവകുപ്പ് മന്ത്രി ബ്രിഡ്ജറ്റ് ആർച്ചർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്നും, ഇത് വെറുമൊരു ഫെഡറൽ ഗവൺമെന്റ് പ്രശ്നമായി കണ്ട് കൈയൊഴിയരുതെന്നും നഴ്‌സിംഗ് സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Metro Australia
maustralia.com.au