ബീക്കൺസ്ഫീൽഡ് ഖനി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ടോഡ് റസ്സൽ അന്തരിച്ചു

ടാസ്മാനിയ പ്രീമിയർ ജെറമി റോക്ക്ലിഫ് ചൊവ്വാഴ്ച രാവിലെ റസ്സലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ബീക്കൺസ്ഫീൽഡ് ഖനി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ടോഡ് റസ്സൽ അന്തരിച്ചു
ടോഡ് റസ്സൽ (Photograph: Mark Graham/AAP)
Published on: 

ഓസ്‌ട്രേലിയയെ നടുക്കിയ ബീക്കൺസ്ഫീൽഡ് ഖനി ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ടോഡ് റസ്സൽ (54) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഈ മാസം ആദ്യം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം അവസാന നാളുകൾ ചെലവഴിക്കാൻ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. ടാസ്മാനിയ പ്രീമിയർ ജെറമി റോക്ക്ലിഫ് ചൊവ്വാഴ്ച രാവിലെ റസ്സലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം റസ്സലിനെ അറിയാനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും അവസരം ലഭിച്ച എല്ലാവർക്കും അനുശോചനം അറിയിക്കുന്നതായി റോക്ക്ലിഫ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

2006-ലാണ് ഓസ്‌ട്രേലിയയെ നടുക്കിയ ബീക്കൺസ്ഫീൽഡ് സ്വർണഖനി ദുരന്തമുണ്ടായത്. ചെറിയ ഭൂചലനത്തെ തുടർന്ന് ഖനിയിൽ വൻതോതിൽ പാറകളും അവശിഷ്ടങ്ങളും ഇടിഞ്ഞുവീണു. അപകടത്തിൽ ഖനിത്തൊഴിലാളിയായ ലാറി നൈറ്റ് മരിച്ചു. ടോഡ് റസ്സലും സഹപ്രവർത്തകൻ ബ്രാന്റ് വെബ്ബും ആയിരക്കണക്കിന് ടൺ പാറകൾക്കടിയിൽ കുടുങ്ങിയതോടെ ഇരുവരും മരിച്ചിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ദിവസങ്ങൾക്കുശേഷം തിരച്ചിൽ നടത്തിയ തൊഴിലാളികൾക്ക് ഇരുവരുടെയും നേരിയ ശബ്ദം കേൾക്കാനായി. തെർമൽ ഇമേജിങ് ക്യാമറകൾ ഉപയോഗിച്ചുള്ള തിരച്ചിലിൽ അപകടം നടന്ന് അഞ്ചാം ദിവസം, ഭൂമിക്കടിയിൽ ഏകദേശം ഒരു കിലോമീറ്റർ ആഴത്തിൽ സുരക്ഷാ കൂട്ടിനുള്ളിൽ ഇരുവരെയും ജീവനോടെ കണ്ടെത്തി. ആദ്യ ദിവസങ്ങളിൽ ഒരു സീരിയൽ ബാറും പാറകൾക്കിടയിലൂടെ ഊറിവന്ന വെള്ളവും പങ്കിട്ടാണ് ഇരുവരും ജീവൻ നിലനിർത്തിയത്. പിന്നീട് പൈപ്പിലൂടെ ഭക്ഷണം എത്തിച്ചു നൽകി. നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രണ്ടാഴ്ചയ്ക്കുശേഷം ഇരുവരും ഖനിയിൽ നിന്ന് പുറത്തുവന്നു. പ്രിയപ്പെട്ടവരെ കണ്ടുമുട്ടിയപ്പോൾ കൈകൾ ഉയർത്തി സന്തോഷം പ്രകടിപ്പിച്ച അവരുടെ ദൃശ്യം ലോകശ്രദ്ധ നേടി.

ബീക്കൺസ്ഫീൽഡ് ഖനി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ടോഡ് റസ്സൽ അന്തരിച്ചു
2006-ലാണ് ഓസ്‌ട്രേലിയയെ നടുക്കിയ ബീക്കൺസ്ഫീൽഡ് സ്വർണഖനി ദുരന്തമുണ്ടായത്.( Photograph: Ian Waldie/AAP)

ദുരന്തം ഓസ്‌ട്രേലിയയുടെ സാമൂഹിക ഓർമകളിൽ ആഴത്തിലുള്ള അടയാളം പതിപ്പിച്ചു. 2007-ൽ ഫൂ ഫൈറ്റേഴ്സ് പുറത്തിറക്കിയ Ballad of the Beaconsfield Miners എന്ന ഗാനവും ഈ സംഭവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു.

ദുരന്തത്തിനുശേഷം മാനസികാരോഗ്യത്തിലും കുടുംബബന്ധങ്ങളിലും വലിയ ബുദ്ധിമുട്ടുകൾ നേരിട്ടതായി റസ്സൽ 2024-ൽ എബിസിയുടെ I Was Actually There പോഡ്കാസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറും (PTSD) വിഷാദവും ബാധിച്ചിരുന്നുവെന്നും ആവശ്യമായ ചികിത്സ തേടാൻ അന്നത്തെ ഭാര്യ കരോലിൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. മക്കളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ഒരു വയസ്സുള്ള കൊച്ചുമകളാണ് ഇപ്പോഴത്തെ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വ്യക്തമാക്കാത്ത അസുഖത്തെ തുടർന്ന് 2025-ൽ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചതായി റസ്സൽ അറിയിച്ചിരുന്നു. വേദനയും ചികിത്സകളും തിരിച്ചടികളും വർഷങ്ങളായി തുടരുകയാണെന്നും ഇനി പോരാടാനുള്ള ഊർജം ബാക്കിയില്ലെന്നും ഈ മാസം ആദ്യം സാമൂഹിക മാധ്യമത്തിൽ കുറിച്ചിരുന്നു. ബീക്കൺസ്ഫീൽഡ് അഗ്നിശമന സേനയിൽ 31 വർഷം സേവനമനുഷ്ഠിച്ച റസ്സൽ ഈ വർഷം ഫെബ്രുവരിയിലാണ് ചുമതലകളിൽ നിന്ന് വിരമിച്ചത്. ബ്രിഗേഡ് മേധാവിയായും പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ സേവനവും സമൂഹത്തോടുള്ള പ്രതിബദ്ധതയും എന്നും ഓർമിക്കപ്പെടുമെന്ന് ബീക്കൺസ്ഫീൽഡ് ഫയർ ബ്രിഗേഡ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മറ്റുള്ളവർക്ക് പ്രചോദനമായ വ്യക്തിയായിരുന്നു റസ്സലെന്ന് പ്രീമിയർ റോക്ക്ലിഫ് അനുസ്മരിച്ചു. ടാസ്മാനിയൻ ലിബറൽ എംപിയും അടുത്ത സുഹൃത്തുമായ മൈക്കൽ ഫെർഗൂസണും അനുശോചനം രേഖപ്പെടുത്തി. മരണത്തിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് റസ്സൽ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയിരുന്നുവെന്നും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ഈ സമയം വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.