

ഹോബാർട്ട്: ടാസ്മാനിയയിലെ നിലവിലുള്ള കഞ്ചാവ് (Cannabis) നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എംപിമാരായ ക്രെയ്ഗ് ഗാർലൻഡും ഹെലൻ ബർണറ്റും രംഗത്തെത്തി. തിങ്കളാഴ്ച ഹോബാർട്ട് ടൗൺ ഹാളിൽ സംഘടിപ്പിച്ച പൊതുവേദിയിലാണ് ഇരുവരും ചേർന്ന് ഇതുസംബന്ധിച്ച പാർലമെന്ററി പെറ്റീഷന് തുടക്കം കുറിച്ചത്. കഞ്ചാവ് ഉപയോഗം ഒരു ക്രിമിനൽ കുറ്റമായി കാണുന്നതിന് പകരം ആരോഗ്യപ്രശ്നമായി പരിഗണിക്കണമെന്നും നിലവിലെ നിയമങ്ങൾ ഫലപ്രദമല്ലെന്നും നിയമ-സാമൂഹിക വിദഗ്ധർ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
ടാസ്മാനിയയിലെ 52 ശതമാനം ആളുകളും കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് 2025-ലെ റോയ് മോർഗൻ സർവേ ഫലം വ്യക്തമാക്കുന്നത്. മരുന്നായി കഞ്ചാവ് ഉപയോഗിക്കുന്നതിന് നിലവിൽ നിയമപരമായ അനുമതിയുണ്ടെങ്കിലും ഇതിന്റെ അമിത വില പലരെയും നിയമവിരുദ്ധ വിപണിയെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഔദ്യോഗിക ചാനലുകൾ വഴി 300 ഡോളർ വരെ ചെലവാകുന്ന അളവ് കഞ്ചാവ് അനധികൃത വിപണിയിൽ 25 ഡോളറിന് ലഭ്യമാണെന്നത് രോഗികളെ പ്രതിസന്ധിയിലാക്കുന്നു. ടാസ്മാനിയയിലെ ജനസംഖ്യയുടെ 11.5 ശതമാനം പേരും കഴിഞ്ഞ വർഷം നിയമവിരുദ്ധമായി കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.
കഞ്ചാവ് ഉപയോഗത്തിന്റെ പേരിൽ ആളുകളെ ക്രിമിനലുകളായി മുദ്രകുത്തുന്നത് അവസാനിപ്പിക്കണമെന്നും ഇതിനായി ഒരു പാർലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്നുമാണ് എംപിമാരുടെ ആവശ്യം. കഞ്ചാവ് നിയമവിധേയമാക്കിയ കാനഡ പോലുള്ള രാജ്യങ്ങളിൽ യുവാക്കൾക്കിടയിലെ ഉപയോഗം വർദ്ധിച്ചിട്ടില്ലെന്നും എന്നാൽ അറസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാട്ടി. ഈ നിവേദനം വരും ദിവസങ്ങളിൽ പാർലമെന്റിൽ സമർപ്പിക്കാനാണ് എംപിമാരുടെ തീരുമാനം.