ചൂതാട്ട പരിഷ്‌കരണത്തിൽ നിന്ന് പിന്നോട്ടുപോയിട്ടില്ല; നിലവിലെ സംവിധാനത്തേക്കാൾ മെച്ചമെന്ന് ട്രഷറർ

നിർബന്ധിത ക്യാഷ്‌ലെസ് കാർഡ് സംവിധാനം നടപ്പാക്കുമെന്ന മുൻ വാഗ്ദാനത്തിൽ നിന്ന് സർക്കാർ പിന്മാറിയതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം.
ചൂതാട്ട പരിഷ്‌കരണത്തിൽ നിന്ന് പിന്നോട്ടുപോയിട്ടില്ല; നിലവിലെ സംവിധാനത്തേക്കാൾ മെച്ചമെന്ന് ട്രഷറർ
Kaysha
Published on: 

ഹോബാർട്ട്: പോക്കീസ് (Pokies) സ്ലോട്ട് മെഷീനുകളിലെ ചൂതാട്ട നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ വരുത്തിയ മാറ്റങ്ങളെ ന്യായീകരിച്ച് ടാസ്മാനിയൻ ട്രഷറർ എറിക് അബെറ്റ്‌സ്. ചൂതാട്ടത്തിൽ നിന്നുള്ള പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിൽ നിലവിലെ സംവിധാനത്തേക്കാൾ വലിയ പുരോഗതി പുതിയ പരിഷ്കാരങ്ങൾ ഉറപ്പുനൽകുന്നുണ്ടെന്ന് പാർലമെന്ററി സമിതിക്ക് മുൻപാകെ അദ്ദേഹം വ്യക്തമാക്കി. പ്രതിദിന നഷ്ടം 100 ഡോളറായും പ്രതിവർഷ നഷ്ടം 5,000 ഡോളറായും പരിമിതപ്പെടുത്തുന്ന നിർബന്ധിത ക്യാഷ്‌ലെസ് കാർഡ് സംവിധാനം നടപ്പാക്കുമെന്ന മുൻ വാഗ്ദാനത്തിൽ നിന്ന് സർക്കാർ പിന്മാറിയതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം.

ദേശീയ തലത്തിൽ പൊതുവായ നയം വരുന്നതുവരെ ക്യാഷ്‌ലെസ് കാർഡ് പദ്ധതി താൽക്കാലികമായി മാറ്റിവെച്ച സർക്കാർ, പകരം 'ടിക്കറ്റ് ഇൻ, ടിക്കറ്റ് ഔട്ട്' സംവിധാനം, ചൂതാട്ടത്തിൽ നിന്ന് സ്വമേധയാ വിട്ടുനിൽക്കാൻ രജിസ്റ്റർ ചെയ്തവരെ തിരിച്ചറിയാനുള്ള ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ, എടിഎം പണം പിൻവലിക്കൽ പരിധികൾ എന്നിവയാണ് പ്രഖ്യാപിച്ചത്. കാർഡ് അധിഷ്ഠിത കേന്ദ്രീകൃത ബാങ്കിംഗ് സംവിധാനം കൊണ്ടുവരുന്നത് വലിയ സാമ്പത്തികച്ചെലവിനും നടപ്പാക്കൽ കാലതാമസത്തിനും കാരണമാകുമെന്നതിനാലാണ് പ്രായോഗികമായ നയങ്ങളിലേക്ക് മാറിയതെന്ന് ട്രഷറർ സമിതിയെ അറിയിച്ചു.

എന്നാൽ, ചൂതാട്ട ലോബികൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങിയെന്നും വാഗ്ദാനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം ഭീരുത്വമാണെന്നും ചൂതാട്ട വിരുദ്ധ സംഘടനയായ അലയൻസ് ഫോർ ഗാംബ്ലിംഗ് റിഫോം ആംഗ്ലികെയർ ടാസ്മാനിയ എന്നിവർ ആരോപിച്ചു. പുതിയ നയങ്ങൾ ജനങ്ങളുടെ പണനഷ്ടം വർദ്ധിപ്പിക്കുകയേ ഉള്ളൂവെന്നും ഇവർ ചൂണ്ടിക്കാട്ടി. അതേസമയം, ഹോട്ടൽ വ്യവസായത്തിന്റെ നിലനിൽപ്പ് അപകടത്തിലാകാതിരിക്കാനാണ് സന്തുലിതമായ നയം സ്വീകരിച്ചതെന്നും ബാഹ്യസമ്മർദ്ദം മൂലമല്ല മാറ്റങ്ങൾ വരുത്തിയതെന്നും എറിക് അബെറ്റ്‌സ് അവകാശപ്പെട്ടു.

Metro Australia
maustralia.com.au