ടാസ്മാനിയയിൽ 57 ദിവസത്തേക്കുള്ള ഇന്ധനം മാത്രം; ഹോർമുസ് അടച്ചതോടെ പെട്രോൾ വിലയിൽ 35% വർദ്ധനവ്

പെട്രോൾ വില ലിറ്ററിന് 1.75 ഡോളറിൽ നിന്ന് 2.36 ഡോളറായും, ഡീസൽ വില 1.86 ഡോളറിൽ നിന്ന് 2.73 ഡോളറായും വർദ്ധിച്ചു.
ടാസ്മാനിയയിൽ 57 ദിവസത്തേക്കുള്ള ഇന്ധനം മാത്രം
ടാസ്മാനിയയിൽ 57 ദിവസത്തേക്കുള്ള ഇന്ധനം മാത്രം
Published on

ഹോബാർട്ട്: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ടാസ്മാനിയയിൽ ഇന്ധനവില കുതിച്ചുയരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ പെട്രോളിന് 35 ശതമാനവും ഡീസലിന് 50 ശതമാനവും വില വർദ്ധിച്ചതായി പാർലമെന്ററി സമിതി ഹിയറിംഗിൽ വെളിപ്പെടുത്തി. പെട്രോൾ വില ലിറ്ററിന് 1.75 ഡോളറിൽ നിന്ന് 2.36 ഡോളറായും, ഡീസൽ വില 1.86 ഡോളറിൽ നിന്ന് 2.73 ഡോളറായും വർദ്ധിച്ചു. ഡീസൽ വില വൈകാതെ തന്നെ 3 ഡോളറിലേക്ക് എത്തുമെന്നാണ് സൂചന.

ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് യുദ്ധത്തെത്തുടർന്ന് തടസ്സപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഏഷ്യൻ റിഫൈനറികളെയാണ് ഓസ്‌ട്രേലിയ ഇന്ധനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. ഈ റിഫൈനറികളിലേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ എത്തുന്നത് ഹോർമുസ് വഴിയാണ്. നിലവിൽ ടാസ്മാനിയയിലെ അഞ്ച് ഇന്ധന ടെർമിനലുകളിലായി ഏകദേശം 63 മെഗാലിറ്റർ പെട്രോൾ സ്റ്റോക്കുണ്ടെന്ന് ഊർജ്ജ പ്ലാനിംഗ് ഡയറക്ടർ ഷോൺ ടെറി അറിയിച്ചു. ഇത് സാധാരണ നിലയിലുള്ള ഉപഭോഗത്തിന് 57 ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ. ചിലയിടങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങി കൂട്ടുന്നത് (Panic Buying) സ്റ്റോക്കിനെ ബാധിക്കുന്നുണ്ട്.

അനാവശ്യമായ വിലവർദ്ധനവ് തടയാൻ എസിസിസി-യോടും (ACCC) ഫെഡറൽ സർക്കാരിനോടും കർശന നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി പ്രീമിയർ ഗയ് ബാർനെറ്റ് പറഞ്ഞു. എന്നാൽ സർക്കാർ കത്തെഴുതുകയല്ലാതെ നേരിട്ട് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വിക്ടോറിയയിൽ ചെയ്യുന്നത് പോലെ പെട്രോൾ പമ്പുകളിൽ നേരിട്ട് പരിശോധന നടത്താൻ ടാസ്മാനിയൻ സർക്കാർ തയ്യാറാകണമെന്ന് ഷാഡോ ഫിനാൻസ് മിനിസ്റ്റർ ലൂക്ക് എഡ്മണ്ട്സ് ആവശ്യപ്പെട്ടു. നിലവിൽ ലിക്വിഡ് ഫ്യൂവൽ എമർജൻസി പ്ലാൻ പ്രകാരം 'ലെവൽ 2' ജാഗ്രതയിലാണ് സംസ്ഥാനമെന്നും സാഹചര്യം മോശമായാൽ ഇന്ധന വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Metro Australia
maustralia.com.au