ടാസ്മാനിയയിൽ എച്ച്5 പക്ഷിപ്പനി കേസുകൾ ആറായി; ചത്ത രണ്ട് പക്ഷികളിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു

മൗണ്ട് പ്ലസന്റിലെ അനിമൽ ഹെൽത്ത് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ഫലം സ്ഥിരീകരിച്ചത്
ടാസ്മാനിയയിൽ എച്ച്5 പക്ഷിപ്പനി കേസുകൾ ആറായി
ടാസ്മാനിയയിൽ എച്ച്5 പക്ഷിപ്പനി കേസുകൾ ആറായി
Published on

ഹോബാർട്ട്: ഓസ്‌ട്രേലിയൻ ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയിൽ എച്ച്5 പക്ഷിപ്പനി (H5 Bird Flu) ബാധിച്ചവരുടെ എണ്ണം ആറായി ഉയർന്നു. സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങളായ ബെർണി (Burnie), പെൻഗ്വിനടുത്തുള്ള സൾഫർ ക്രീക്ക് (Sulphur Creek) എന്നിവിടങ്ങളിൽ ചത്ത നിലയിൽ കണ്ടെത്തിയ രണ്ട് ക്രസ്റ്റഡ് ടേൺ (Crested Tern) പക്ഷികളിലാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. പൊതുജനങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

മൗണ്ട് പ്ലസന്റിലെ അനിമൽ ഹെൽത്ത് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ഫലം സ്ഥിരീകരിച്ചത്. സാമ്പിളുകൾ കൂടുതൽ ജനിതക ശ്രേണീകരണ പരിശോധനകൾക്കായി ജീലോംഗിലെ ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് പ്രിപ്പയർഡ്‌നെസ്സിലേക്ക് (ACDP) അയക്കും. നിലവിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളർത്തൽ കേന്ദ്രങ്ങളിലേക്ക് രോഗം പടർന്നിട്ടില്ലെന്നും, കൂട്ടമരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ടാസ്മാനിയൻ പ്രീമിയർ ജെറമി റോക്ക്‌ലിഫും (Jeremy Rockliff) ഇൻസിഡന്റ് കൺട്രോളർ വെസ് ഫോർഡും അറിയിച്ചു. രോഗബാധിതമായതോ ചത്തതോ ആയ പക്ഷികളെ കാണുന്നവർ ഉടൻ എമർജൻസി ആനിമൽ ഡിസീസ് ഹോട്ട്‌ലൈനിൽ വിവരം അറിയിക്കാനും നിർദ്ദേശമുണ്ട്.

Metro Australia
maustralia.com.au