

കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിർബന്ധിത പരിശീലന പരിപാടികൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് ടാസ്മാനിയ ഫയർ സർവീസിലെ (TFS) 336 വളണ്ടിയർമാരെ പുറത്താക്കി. നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള സമയപരിധിക്ക് ശേഷവും പരിശീലനം പൂർത്തിയാക്കാത്തതിനാലാണ് നടപടിയെന്ന് ഫയർ ആൻഡ് എമർജൻസി സർവീസസ് കമ്മീഷണർ ജെറമി സ്മിത്ത് അറിയിച്ചു. പുറത്താക്കപ്പെട്ടവരിൽ 200 ഓളം പേർ നേരിട്ട് പ്രവർത്തനരംഗത്തുള്ളവരും ബാക്കിയുള്ളവർ സോഷ്യൽ മെമ്പർമാരുമാണ്.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും തിരിച്ചറിയുന്നതിനുമായി രണ്ട് പരിശീലന മോഡ്യൂളുകളാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. കഴിഞ്ഞ വർഷം മെയ് മാസമായിരുന്നു ഇതിനുള്ള അവസാന തീയതി. പലതവണ സമയം നീട്ടിനൽകുകയും ഓൺലൈനായും നേരിട്ടും ക്ലാസുകൾ നൽകുകയും ചെയ്തിട്ടും ഇവർ സഹകരിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി. ടാസ്മാനിയ ഫയർ സർവീസിന്റെ കീഴിൽ ജൂനിയർ, കേഡറ്റ് പ്രോഗ്രാമുകൾ ഉള്ളതിനാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് അനിവാര്യമാണെന്ന് കമ്മീഷണർ കൂട്ടിച്ചേർത്തു.
അതേസമയം, ഇത്രയധികം വളണ്ടിയർമാരെ ഒരേസമയം പുറത്താക്കുന്നത് ഫയർ സർവീസിന്റെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്ക യുണൈറ്റഡ് ഫയർഫൈറ്റേഴ്സ് യൂണിയൻ പങ്കുവെച്ചു. എന്നാൽ സേവനത്തിന്റെ പ്രവർത്തനക്ഷമതയെ ഇത് ബാധിക്കില്ലെന്നും പുറത്താക്കപ്പെട്ടവർക്ക് ട്രെയിനിംഗ് പൂർത്തിയാക്കിയ ശേഷം വീണ്ടും അംഗത്വത്തിനായി അപേക്ഷിക്കാമെന്നും കമ്മീഷണർ അറിയിച്ചു.