നായ്ക്കുട്ടികൾക്ക് ഭീഷണിയായി പാർവോവൈറസ്; ടാസ്മാനിയയിൽ അതീവ ജാഗ്രതാ നിർദ്ദേശം

അമിതമായ ഛർദ്ദി, അതിസാരം ക്ഷീണം, ഭക്ഷണത്തോടുള്ള വിരക്തി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
നായ്ക്കുട്ടികൾക്ക് ഭീഷണിയായി പാർവോവൈറസ്
നായ്ക്കുട്ടികൾക്ക് ഭീഷണിയായി പാർവോവൈറസ്
Published on

ഹോബാർട്ട്: ടാസ്മാനിയയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിലും തെക്കൻ ഭാഗങ്ങളിലും നായ്ക്കളെ ബാധിക്കുന്ന മാരകമായ പാർവോവൈറസ് പടരുന്നതായി വെറ്ററിനറി ഡോക്ടർമാരുടെ മുന്നറിയിപ്പ്. ഡെവൻപോർട്ട് (Devonport), ടർണേഴ്സ് ബീച്ച് (Turners Beach) തുടങ്ങിയ സ്ഥലങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമായും 20 ആഴ്ചയിൽ താഴെ പ്രായമുള്ള നായ്ക്കുട്ടികളെയാണ് ഈ വൈറസ് ഗുരുതരമായി ബാധിക്കുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഇവ ചത്തുപോകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

അമിതമായ ഛർദ്ദി, അതിസാരം (Diarrhoea), ക്ഷീണം, ഭക്ഷണത്തോടുള്ള വിരക്തി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരീരത്തിലെ ജലാംശവും പോഷകങ്ങളും അതിവേഗം നഷ്ടപ്പെടുന്നതിലൂടെ നായ്ക്കുട്ടികൾ അവശരാകുകയും ആന്തരികാവയവങ്ങളെ ബാധിക്കുന്ന 'സെപ്റ്റിക്' അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. നായ്ക്കൾ തമ്മിൽ നേരിട്ട് സമ്പർക്കം പുലർത്തിയില്ലെങ്കിൽ പോലും മനുഷ്യരുടെ ഷൂസുകളിലൂടെയോ വസ്ത്രങ്ങളിലൂടെയോ മലിനമായ സ്ഥലങ്ങളിലൂടെയോ ഈ വൈറസ് അതിവേഗം പടരും.

വാക്സിനേഷൻ എടുക്കുക എന്നതാണ് ഈ രോഗത്തെ തടയാനുള്ള ഏക പോംവഴി. നായ്ക്കൾക്ക് കൃത്യസമയത്ത് വാക്സിൻ നൽകിയിട്ടുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തണം. വാക്സിനേഷൻ പൂർത്തിയാക്കാത്ത നായ്ക്കുട്ടികളെ പൊതു പാർക്കുകളിലോ മറ്റ് നായ്ക്കൾ എത്തുന്ന സ്ഥലങ്ങളിലോ കൊണ്ടുപോകരുതെന്ന് വെറ്ററിനറി വിദഗ്ധർ നിർദ്ദേശിച്ചു. ലക്ഷണങ്ങൾ കണ്ടാലുടൻ വെറ്ററിനറി ക്ലിനിക്കുകളുമായി ബന്ധപ്പെടണമെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au