
ഓസ്ട്രേലിയയുടെ ഔദ്യോഗിക കറന്‍സിയിൽ ഇടംനേടി ടാസ്മാനിയയുടെ ബിഗ് പെൻഗ്വിൻ. റോയൽ ഓസ്‌ട്രേലിയൻ മിന്റ് പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്മാരക നാണയ ശേഖരത്തിന്റെ ഭാഗമായാണ് പെൻഗ്വിൻ കടൽത്തീരത്ത് നിലകൊള്ളുന്ന മൂന്ന് മീറ്റർ ഉയരമുള്ള ഫൈബർഗ്ലാസ് പ്രതിമ 1 ഡോളർ നാണയത്തിൽ പ്രത്യക്ഷപ്പെടുന്നത്.
2025-ലെ ഓസ്‌ട്രേലിയ പോസ്റ്റിന്റെ ‘ബിഗ് തിംഗ്സ്’ ക്യാമ്പയിനിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ഈ നാണയത്തിന്റെ സമയക്രമം പ്രത്യേക പ്രസക്തിയുള്ളതാണ്. പട്ടണത്തിന്റെ 150-ാം വാർഷികവും, ബിഗ് പെൻഗ്വിന്റെ 50-ാം ജന്മദിനവും, അതിന്റെ ഹെറിറ്റേജ് ലിസ്റ്റിംഗ് അംഗീകാരവും ആഘോഷിക്കുന്ന വേളയിലാണ് ഇതിന്റെ പ്രകാശനം.
പെൻഗ്വിൻ ബീച്ചിൽ അഭിമാനത്തോടെ നിൽക്കുന്ന ഈ കറുപ്പും വെളുപ്പും നിറമുള്ള ഈ പ്രതിമ, 1975-ൽ നഗര പ്രഖ്യാപനത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുന്നതിനായി നിര്‍മ്മിച്ചതാണ്. ഫാഷൻ സെൻസിന് പേര് കേട്ട ബിഗ് പെൻഗ്വിൻ ക്രിസ്മസിന് സാന്റാ വേഷവും ഈസ്റ്ററിന് ബണ്ണി വേഷവും ഉൾപ്പെടെ ഋതുഭേദങ്ങൾക്കനുസരിച്ച് വസ്ത്രങ്ങൾ ധരിക്കാറുണ്ട്.
ഈ സ്മാരക നാണയങ്ങൾ ഈ ആഴ്ച ഓസ്‌ട്രേലിയ പോസ്റ്റ് ഔട്ട്‌ലെറ്റുകളിലൂടെയും റോയൽ ഓസ്‌ട്രേലിയൻ മിന്റിന്റെ ഓൺലൈൻ ഷോപ്പിലൂടെയും വിൽപ്പനയ്‌ക്കെത്തി.