ഇന്ധന സർചാർജ് തിരിച്ചടിയാകുന്നു; സ്പിരിറ്റ് ഓഫ് ടാസ്മാനിയ ബുക്കിംഗുകളിൽ കുറവ്

പുതിയ കപ്പലുകൾ എത്തുന്നതോടെ ടാസ്മാനിയൻ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്ന് ടൂറിസം ഇൻഡസ്ട്രി കൗൺസിൽ ടാസ്മാനിയ സിഇഒ ആമി ഹിൽസ് പറഞ്ഞു.
ഇന്ധന സർചാർജ് തിരിച്ചടിയാകുന്നു; സ്പിരിറ്റ് ഓഫ് ടാസ്മാനിയ ബുക്കിംഗുകളിൽ കുറവ്
Published on

ഹോബാർട്ട്: ആഗോളതലത്തിൽ ഇന്ധനവില വർദ്ധിച്ചതിനെത്തുടർന്ന് ഏർപ്പെടുത്തിയ അധിക സർചാർജ് സ്പിരിറ്റ് ഓഫ് ടാസ്മാനിയയിലെ യാത്രക്കാരുടെ എണ്ണത്തെ ബാധിക്കുന്നു. മാർച്ച് 31 മുതൽ ടിക്കറ്റ് നിരക്കിൽ 15 ശതമാനം സർചാർജ് ഏർപ്പെടുത്തിയതോടെ പലരും യാത്രകൾ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നതായാണ് വിവരം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധന ചിലവിൽ വർഷം 50 ദശലക്ഷം ഡോളറിന്റെ വർദ്ധനവുണ്ടായതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ടിടി-ലൈൻ (TT-Line) ചെയർമാൻ കെൻ കനോഫ്സ്കി പറഞ്ഞു.

ഇന്ധനത്തിനായി ചിലവാകുന്ന അധിക തുക കണ്ടെത്താൻ വേണ്ടിയാണ് സർചാർജ് ഏർപ്പെടുത്തിയതെന്നും ഇതിൽ നിന്നും കമ്പനി ലാഭമുണ്ടാക്കുന്നില്ലെന്നും ചെയർമാൻ വ്യക്തമാക്കി. ഇന്ധനവില കുറയുന്ന മുറയ്ക്ക് ഇത് എടുത്തുമാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വേനൽക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ 5-6% വർദ്ധനവുണ്ടായിട്ടുണ്ട്. ഏകദേശം 3,20,000 പേർ ഇതിനോടകം യാത്ര ചെയ്തു. ഇതിൽ 13,000 കാരവനുകളും 10,000 മോട്ടോർഹോമുകളും ഉൾപ്പെടുന്നു.

സ്പിരിറ്റ് IV, V എന്നീ രണ്ട് പുതിയ കപ്പലുകൾ നിലവിൽ വിക്ടോറിയയിൽ എത്തിയിട്ടുണ്ട്. ഓഗസ്റ്റിൽ ഇവ ഡെവൺപോർട്ടിൽ എത്തിച്ച് പരീക്ഷണങ്ങൾ നടത്തും. ഒക്ടോബറിൽ ഈ കപ്പലുകൾ ഔദ്യോഗികമായി സർവീസ് ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പുതിയ കപ്പലുകൾ എത്തുന്നതോടെ ടാസ്മാനിയൻ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്ന് ടൂറിസം ഇൻഡസ്ട്രി കൗൺസിൽ ടാസ്മാനിയ സിഇഒ ആമി ഹിൽസ് പറഞ്ഞു. എന്നാൽ ഇന്ധന സർചാർജ് ടൂറിസ്റ്റുകളെ പിന്നോട്ട് വലിപ്പിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത് മറികടക്കാനായി വരും മാസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ടൂറിസം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

Metro Australia
maustralia.com.au