ലാൻസെസ്റ്റൺ : ഫൂ ഫൈറ്റേഴ്സിന്റെ സ്റ്റേഡിയം കൺസേർട്ടിനായി ആയിരക്കണക്കിന് ആരാധകർ നഗരത്തിലേക്ക് എത്താനിരിക്കെ, ലോണ്സസ്റ്റൺ വിമാനത്താവളം ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ ദിവസത്തിന് തയ്യാറെടുക്കുകയാണ്.
ഈ സാഹചര്യത്തിൽ, ബസ് ഓപ്പറേറ്ററായ കിനറ്റിക് (Kinetic) ജനുവരി 22 മുതൽ 26 വരെ താൽക്കാലികമായി ‘SkyBus Launceston Express’ സർവീസ് നടത്തുമെന്ന് അറിയിച്ചു. വിമാനത്താവളത്തിൽ നിന്ന് നഗര കേന്ദ്രത്തിലേക്കുള്ള യാത്ര സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഷോയുടെ ടിക്കറ്റുകൾ നേരത്തേതന്നെ പൂർണ്ണമായും വിറ്റിതീർന്നിരുന്നു.
അഞ്ചുദിവസം നീളുന്ന ഈ സർവീസ് എല്ലാ വരുന്ന വിമാനങ്ങളെയും അനുബന്ധിച്ച് പ്രവർത്തിക്കും. ലാൻസെസ്റ്റൺ ജനറൽ ആശുപത്രിയും റീജിയണൽ ട്രാൻസിറ്റ് സെന്ററും വഴി സിബിഡിയിലേക്കായിരിക്കും സർവീസ്. ടിക്കറ്റ് നിരക്ക് ഒരു വശത്തേയ്ക്കുള്ള യാത്രയ്ക്ക് 22 ഡോളറും, ഇരുവശത്തേയ്ക്കുമുള്ള യാത്രയ്ക്ക് 40 ഡോളറുമാണ്.
ആരാധകർക്ക് സമ്മർദമില്ലാത്ത ഗതാഗത സൗകര്യം ഉറപ്പാക്കുകയാണ് ഈ സേവനത്തിന്റെ ലക്ഷ്യമെന്ന് കിനറ്റിക് ടാസ്മാനിയ ജനറൽ മാനേജർ ആൻഡ്രൂ ഗ്രിസിനിക് പറഞ്ഞു,
“ലോണ്സസ്റ്റൺ ഇതുവരെ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ സംഗീത പരിപാടിയാണിത്. വിമാനത്താവളത്തിലേക്കും അവിടെ നിന്ന് തിരിച്ചും വിശ്വാസയോഗ്യമായ യാത്രാസൗകര്യം ആരാധകർക്ക് ലഭിക്കണം എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.
ഫൂ ഫൈറ്റേഴ്സ് ജനുവരി 24ന് UTAS സ്റ്റേഡിയത്തിൽ കൺസേർട്ട് അവതരിപ്പിക്കും. 2015ന് ശേഷം ടാസ്മാനിയയിലെ ആദ്യ പ്രകടനവും, ലോണ്സസ്റ്റണിലെ ആദ്യ കൺസേർട്ടുമാണിത്. 24,000 പേർക്ക് ശേഷിയുള്ള വേദിയിലെ ടിക്കറ്റുകള് വില്പന ആരംഭിച്ച് മിനിറ്റുകൾക്കകം വിറ്റുതീർന്നു.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എയർലൈൻസുകളും അധിക സീറ്റുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. വെർജിൻ ഓസ്‌ട്രേലിയ 1,700 അധിക സീറ്റുകളും, ക്വാണ്ടാസ്, ജെറ്റ്‌സ്റ്റാർ വിമാനങ്ങൾ വഴി 3,000 അധിക സീറ്റുകളും ഒരുക്കി.
ജനുവരി 23 ലോണ്സസ്റ്റൺ വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് പ്രതീക്ഷ. ആ ദിവസം 6,700ലധികം യാത്രക്കാരെത്തുമെന്നാണ് കണക്ക്.
ഡിസംബർ 19 മുതൽ ഫെബ്രുവരി 4 വരെ 2.5 ലക്ഷം യാത്രക്കാരെത്തുമെന്നാണ് പ്രവചനം — കഴിഞ്ഞ വർഷത്തേക്കാൾ 22 ശതമാനം വർധനവാണിത്.
കൺസേർട്ട് സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ 5 ലക്ഷം ഡോളറും, ലോണ്സസ്റ്റൺ സിറ്റി കൗൺസിൽ 1.5 ലക്ഷം ഡോളറും അനുവദിച്ചു. ട്രഷറർ എറിക് അബെറ്റ്‌സ്, നിക്ഷേപത്തിന് 11 മടങ്ങ് വരുമാനം പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
2025 തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ലിബറൽ പാർട്ടി 12 മാസത്തെ SkyBus പരീക്ഷണ സർവീസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, അത് ഇതുവരെ നടപ്പാക്കിയിട്ടില്ല.