ടാസ്മാനിയയിൽ വൺ നേഷൻ ഏറ്റവും ജനപ്രീതിയുള്ള പാർട്ടി; ലേബറിന് തിരിച്ചടി

സെപ്റ്റംബർ അവസാനം പലിശ നിരക്ക് വർധിച്ചതിന് പിന്നാലെ ദേശീയതലത്തിലും ലേബറിന്റെ പിന്തുണ കുറഞ്ഞതിന്റെ പ്രതിഫലനമാണിതെന്ന് EMRS വിലയിരുത്തി.
ടാസ്മാനിയയിൽ വൺ നേഷൻ ഏറ്റവും ജനപ്രീതിയുള്ള പാർട്ടി; ലേബറിന് തിരിച്ചടി
Published on: 

ടാസ്മാനിയ: പുതിയ EMRS അഭിപ്രായ സർവേ പ്രകാരം ഓസ്‌ട്രേലിയൻ ഫെഡറൽ തലത്തിൽ ടാസ്മാനിയയിൽ വൺ നേഷൻ ഏറ്റവും ജനപ്രീതിയുള്ള പാർട്ടിയായി മാറി. ലേബറിന്റെ പിന്തുണ കുറഞ്ഞപ്പോൾ ലിബറലുകൾ ബാസ്, ബ്രാഡൺ മണ്ഡലങ്ങളിൽ ലേബറിനെ മറികടന്നതായും സർവേ സൂചിപ്പിക്കുന്നു. നവംബർ 11, 12 തീയതികളിൽ 1,000 ടാസ്മാനിയൻ വോട്ടർമാരിൽ നടത്തിയ സർവേയിൽ വൺ നേഷന്റെ പ്രാഥമിക വോട്ട് 27 ശതമാനമാണ്. ഓഗസ്റ്റിനെ അപേക്ഷിച്ച് ഒരു ശതമാനം വർധന. ലേബറിന്റെ പിന്തുണ നാല് ശതമാനം കുറഞ്ഞ് 25 ശതമാനമായി. സെപ്റ്റംബർ അവസാനം പലിശ നിരക്ക് വർധിച്ചതിന് പിന്നാലെ ദേശീയതലത്തിലും ലേബറിന്റെ പിന്തുണ കുറഞ്ഞതിന്റെ പ്രതിഫലനമാണിതെന്ന് EMRS വിലയിരുത്തി.

ലിബറലുകളുടെ പിന്തുണ മൂന്ന് ശതമാനം ഉയർന്ന് 20 ശതമാനത്തിലെത്തി. ഗ്രീൻസ് 15 ശതമാനവും സ്വതന്ത്ര സ്ഥാനാർഥികൾ 14 ശതമാനവും പിന്തുണ നേടി. സംസ്ഥാനതലത്തിൽ മുൻഗണനാ വോട്ടുകൾ ഉൾപ്പെടുത്തിയാൽ ലേബർ ലിബറലുകളെ 53–47 എന്ന നിലയിൽ മുന്നിലാണ്. എന്നാൽ ബാസ് മണ്ഡലത്തിൽ ലിബറലുകൾ 57–43 എന്ന നിലയിലും ബ്രാഡണിൽ 60–40 എന്ന നിലയിലും മുന്നിലാണ്. ഫെബ്രുവരിയിൽ ഈ രണ്ട് മണ്ഡലങ്ങളും ലേബറിന് അനുകൂലമായിരുന്നു.

ബ്രാഡണിൽ ലിബറലുകളുടെ പ്രാഥമിക പിന്തുണ ഫെബ്രുവരിയിലെ 16 ശതമാനത്തിൽനിന്ന് 27 ശതമാനമായി ഉയർന്നിട്ടുണ്ട്. EMRS സ്പോൺസർ ചെയ്യുന്ന Poll Position പോഡ്കാസ്റ്റിൽ സർവേ ഫലങ്ങൾ വിശദീകരിച്ച ബ്രാഡ് സ്റ്റാൻസ്ഫീൽഡ്, മികച്ച സ്ഥാനാർഥികളെ കണ്ടെത്താനായാൽ ബാസ്, ബ്രാഡൺ മണ്ഡലങ്ങൾ ലിബറലുകൾക്ക് തിരിച്ചുപിടിക്കാനാകുമെന്ന് അഭിപ്രായപ്പെട്ടു. ഇത് പാർട്ടിക്ക് മൊത്തത്തിൽ പ്രതീക്ഷ നൽകുന്ന ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ലേബറിനെ സംബന്ധിച്ച് പ്രധാനമന്ത്രി ആന്തണി ആൽബനീസ് ശക്തനായ രാഷ്ട്രീയ പോരാളിയാണെങ്കിലും ടാസ്മാനിയയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ശക്തമായ പോരാട്ടം നടത്തേണ്ടിവരുമെന്ന് സ്റ്റാൻസ്ഫീൽഡ് വിലയിരുത്തി. ‍

Also Read
ചൈനീസ് അതിർത്തി കടന്ന അടിച്ചമർത്തൽ: 52 സംഭവങ്ങൾ ആരോപിച്ച് ഫാലുൻ ഗോങ് സംഘടന
ടാസ്മാനിയയിൽ വൺ നേഷൻ ഏറ്റവും ജനപ്രീതിയുള്ള പാർട്ടി; ലേബറിന് തിരിച്ചടി

മണ്ഡലാടിസ്ഥാനത്തിൽ വൺ നേഷൻ ലയൺസിൽ 41 ശതമാനം പ്രാഥമിക പിന്തുണയോടെ മുന്നിലാണ്. ബാസ്, ബ്രാഡൺ മണ്ഡലങ്ങളിൽ 29 ശതമാനം വീതമാണ് പിന്തുണ. ക്ലാർക്കിൽ 10 ശതമാനമാണ് പാർട്ടിയുടെ പിന്തുണ. മണ്ഡലാടിസ്ഥാനത്തിലുള്ള സർവേകളിൽ ഏകദേശം ഏഴ് ശതമാനം പിശക് സാധ്യതയുള്ളതിനാൽ ഫലങ്ങൾ പൊതുവായ സൂചനകളായി മാത്രം കാണണമെന്ന് EMRS വ്യക്തമാക്കി. സംസ്ഥാനതല സർവേയുടെ പിശക് പരിധി 3.1 ശതമാനമാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആൽബനീസിന് 41 ശതമാനം പിന്തുണയുണ്ട്. ഓഗസ്റ്റിൽ ഇത് 48 ശതമാനമായിരുന്നു. ആംഗസ് ടെയ്‌ലറുടെ പിന്തുണ 21 ശതമാനത്തിൽനിന്ന് 27 ശതമാനമായി ഉയർന്നപ്പോൾ പോളിൻ ഹാൻസന്റെ പിന്തുണ 19-ൽനിന്ന് 23 ശതമാനമായി വർധിച്ചു.

ജീവിതച്ചെലവ് പ്രധാന തിരഞ്ഞെടുപ്പ് വിഷയം

വോട്ടർമാരുടെ പ്രധാന ഫെഡറൽ പ്രശ്നമായി ജീവിതച്ചെലവാണ് ഉയർന്നത്. സർവേയിൽ പങ്കെടുത്തവരിൽ 37 ശതമാനം പേർ ജീവിതച്ചെലവിനെ പ്രധാന വിഷയമായി ചൂണ്ടിക്കാട്ടി. ആരോഗ്യരംഗം 10 ശതമാനവുമായി രണ്ടാമതെത്തി. ജീവിതച്ചെലവ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടിയവരിൽ 32 ശതമാനം പേർ വൺ നേഷനെ പിന്തുണയ്ക്കുമ്പോൾ 19 ശതമാനം പേർ ലേബറിനെയാണ് പിന്തുണയ്ക്കുന്നത്. ജീവിതച്ചെലവിലെ വർധന ലേബറിനോടുള്ള അസംതൃപ്തി വർധിപ്പിക്കുകയും ലിബറലുകളിലേക്കും വൺ നേഷനിലേക്കും വോട്ടുകൾ നീങ്ങാൻ കാരണമാകുകയും ചെയ്യുന്നുവെന്ന് സ്റ്റാൻസ്ഫീൽഡ് അഭിപ്രായപ്പെട്ടു.