ടാസ്മാനിയയിൽ ആദ്യമായി 'സർപ്പന്റൈൻ ലീഫ്‌മൈനർ' കീടബാധ സ്ഥിരീകരിച്ചു; കർഷകർക്ക് ജാഗ്രതാ നിർദ്ദേശം

മറ്റ് ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിൽ 2020 മുതൽ ഈ കീടത്തിന്റെ സാന്നിധ്യമുണ്ടെങ്കിലും ടാസ്മാനിയയിൽ ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.
ടാസ്മാനിയയിൽ ആദ്യമായി 'സർപ്പന്റൈൻ ലീഫ്‌മൈനർ' കീടബാധ സ്ഥിരീകരിച്ചു; കർഷകർക്ക് ജാഗ്രതാ നിർദ്ദേശം
Supplied: Central Science Laboratory, Harpenden)
Published on

ഹോബാർട്ട്: ടാസ്മാനിയയിലെ പച്ചക്കറി-ഹോർട്ടികൾച്ചർ മേഖലകൾക്ക് കടുത്ത ആശങ്കയായി വിനാശകാരിയായ 'സർപ്പന്റൈൻ ലീഫ്‌മൈനർ' (Serpentine Leafminer - Liriomyza huidobrensis) കീടത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തി. വടക്കു-പടിഞ്ഞാറൻ ടാസ്മാനിയയിലെ ഒരു വാണിജ്യ പച്ചക്കറി ഫാമിലാണ് ഈ കീടത്തെ കണ്ടെത്തിയതെന്ന് ബയോസെക്യൂരിറ്റി ടാസ്മാനിയ സ്ഥിരീകരിച്ചു. മറ്റ് ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിൽ 2020 മുതൽ ഈ കീടത്തിന്റെ സാന്നിധ്യമുണ്ടെങ്കിലും ടാസ്മാനിയയിൽ ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഉരുളക്കിഴങ്ങ്, ബീൻസ്, പയർവർഗ്ഗങ്ങൾ, തക്കാളി, മത്തങ്ങ, ലെറ്റൂസ്, കോളിഫ്ലവർ തുടങ്ങിയ ഇരുനൂറിലധികം സസ്യവർഗ്ഗങ്ങളെ ബാധിക്കുന്ന അതീവ അപകടകാരിയായ ഒരു ഈച്ചയാണിത്. ഈ ഈച്ചയുടെ ലാർവകൾ (Larvae) ചെടികളുടെ ഇലകൾക്കുള്ള തുരന്ന് തിന്നുകയും അവയിലൂടെ വഴിനടന്ന് സഞ്ചരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഇലകൾക്കുള്ളിലൂടെ ഇവ സഞ്ചരിക്കുമ്പോൾ ഇലകളുടെ ഉപരിതലത്തിൽ വെള്ള നിറത്തിലുള്ള വളഞ്ഞുപുളഞ്ഞ വരകൾ പ്രത്യക്ഷപ്പെടും. ഇത് ചെടികളുടെ പ്രകാശസംശ്ലേഷണ ശേഷിയെ പൂർണ്ണമായി നശിപ്പിക്കുകയും വിളവ് വൻതോതിൽ കുറയ്ക്കുകയും ചെയ്യും.

പൊതുജനങ്ങളും കർഷകരും ജാഗ്രത പാലിക്കണം:

ടാസ്മാനിയയിൽ നിലവിൽ സാധാരണ ഇനം ലീഫ്‌മൈനറുകൾ സർവ്വസാധാരണമാണെങ്കിലും, മാരകമായ സർപ്പന്റൈൻ ലീഫ്‌മൈനറുകളെ വേർതിരിച്ചറിയാൻ മോളിക്യുലാർ പരിശോധനകളോ ലാർവകളെ വളർത്തി വലുതാക്കിയുള്ള പഠനങ്ങളോ ആവശ്യമാണ്. രോഗബാധ കണ്ടെത്തിയ ഫാമിൽ കീടവ്യാപനം തടയാനുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിരീക്ഷണങ്ങൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.

തങ്ങളുടെ കൃഷിയിടങ്ങളിലോ വീട്ടുപറമ്പുകളിലോ മുൻപെങ്ങുമില്ലാത്ത വിധം ഇലകളിൽ വെളുത്ത വരകളോ കടുത്ത കീടബാധയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബയോസെക്യൂരിറ്റി ടാസ്മാനിയയെ (ഹെൽപ്പ്‌ലൈൻ നമ്പർ: 1300 368 550) വിവരമറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മല്ലിയില, സൂര്യകാന്തി, വെള്ളരി, ചീര എന്നിവയെല്ലാം ഇതിന്റെ പ്രധാന ഇരകളായതിനാൽ കർഷകർ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

Metro Australia
maustralia.com.au