പാർക്കിംഗ് ഫീസ് താങ്ങാനാവുന്നില്ല; ഹോബാർട്ടിലെ നഴ്‌സുമാർ ദുരിതത്തിൽ, ഇടപെടൽ തേടി യൂണിയൻ

നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് യൂണിയൻ സെക്രട്ടറി എമിലി ഷെപ്പേർഡ് പറഞ്ഞു.
Royal Hobar Hospital
Royal Hobar HospitalPulse Tasmania
Published on

ഹോബാർട്ട്: റോയൽ ഹോബാർട്ട് ഹോസ്പിറ്റലിലെ (RHH) നഴ്‌സുമാർ ഓരോ രണ്ടാഴ്ചയും 115 ഡോളറിലധികം (ഏകദേശം ₹6,300) പാർക്കിംഗ് ഫീസായി നൽകേണ്ടി വരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നതായി നഴ്‌സിംഗ് യൂണിയൻ. കനത്ത പാർക്കിംഗ് ചാർജ് ഒഴിവാക്കാൻ നഗരത്തിന് പുറത്തുള്ള വിജനമായ ഇടങ്ങളിൽ വാഹനം പാർക്ക് ചെയ്ത് രാത്രി വൈകി നടന്നുപോകേണ്ടി വരുന്നത് ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുന്നതായും യൂണിയൻ ചൂണ്ടിക്കാട്ടി.

സുരക്ഷാ ഭീഷണി: രാത്രി പത്തിനും പതിനൊന്നിനും ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങുന്ന നഴ്‌സുമാർ, വെളിച്ചം കുറഞ്ഞ വിജനമായ പാതകളിലൂടെ നടന്ന് തങ്ങളുടെ വാഹനങ്ങളിലേക്ക് എത്തേണ്ടി വരുന്നത് വലിയ അപകടസാധ്യതയുണ്ടാക്കുന്നു.

പൊതുഗതാഗതത്തിലെ അപര്യാപ്തത: സർക്കാർ പ്രഖ്യാപിച്ച സൗജന്യ പൊതുഗതാഗത പദ്ധതി ഷിഫ്റ്റ് ജോലിക്കാർക്ക് പ്രയോജനപ്പെടുന്നില്ല. നഴ്‌സുമാരുടെ ഷിഫ്റ്റ് തുടങ്ങുന്ന സമയത്തോ അവസാനിക്കുന്ന സമയത്തോ ബസ് സർവീസുകൾ ലഭ്യമല്ലാത്തതാണ് ഇതിന് കാരണം.

മോഷണം: പണം ലാഭിക്കാനായി സൈക്കിളിൽ എത്തുന്ന ജീവനക്കാരുടെ സൈക്കിളുകളും ഹെൽമെറ്റുകളും ഹോസ്പിറ്റൽ പരിസരത്ത് നിന്നും മോഷ്ടിക്കപ്പെടുന്നതും പതിവാകുന്നു.

യൂണിയന്റെ ആവശ്യങ്ങൾ:

പാർക്കിംഗ് ഫീസിന് പരിധി നിശ്ചയിക്കുക (Capped Parking), ഇന്ധന അലവൻസ് നൽകുക, ആശുപത്രിയിൽ സുരക്ഷിതമായ സൈക്കിൾ സ്റ്റാൻഡുകൾ നിർമ്മിക്കുക എന്നിവയാണ് എ.എൻ.എം.എഫ് പ്രധാനമായും ആവശ്യപ്പെടുന്നത്. നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് യൂണിയൻ സെക്രട്ടറി എമിലി ഷെപ്പേർഡ് പറഞ്ഞു.

വിഷയത്തിൽ പ്രീമിയർ ജെറമി റോക്ക്‌ലിഫ് നേരിട്ടുള്ള ഉറപ്പുകളൊന്നും നൽകിയിട്ടില്ലെങ്കിലും യൂണിയനുകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. ആരോഗ്യ മന്ത്രി ബ്രിഡ്ജറ്റ് ആർച്ചറുമായി യൂണിയൻ പ്രതിനിധികൾ ഇന്ന് കൂടിക്കാഴ്ച നടത്തും.

Metro Australia
maustralia.com.au