

ടാസ്മാനിയയിലെ സ്വകാര്യ മാനസികാരോഗ്യ കേന്ദ്രമായ ഹോബാർട്ട് ക്ലിനിക് വീണ്ടും പ്രവർത്തനം തുടങ്ങി. സംസ്ഥാന സർക്കാരിന്റെ 2 മില്യൺ ഡോളർ ഗ്രാന്റാണ് ക്ലിനിക്കിന് പുതിയ ജീവൻ നൽകിയത്. 27 കിടക്കകളുള്ള ഈ കേന്ദ്രം പ്രവർത്തന യോഗ്യമല്ലന്ന് മുൻ ഭരണകൂടം വിലയിരുത്തിയതിനെ തുടർന്ന് ഒക്ടോബറിൽ അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു പിന്നീട് പുതുതായി നിയമിച്ച ബോർഡിന്റെ ഇടപെടലോടെ, കഴിഞ്ഞ മാസം ചെറിയ തോതിൽ രോഗികളെ സ്വീകരിച്ച് ‘സോഫ്റ്റ് ഓപ്പണിംഗ്’ ആരംഭിച്ചു.
ഇപ്പോൾ ബോർഡിന് പ്രധാന ചുമതല പ്രവർത്തനം സ്ഥിരീകരിക്കുകയും പിന്നീടുള്ള ഘട്ടങ്ങളിൽ നിലവിലെ സാഹചര്യത്തിന് അനുയോജ്യമാക്കുന്ന രീതിയിൽ മോഡൽ പുതുക്കിയും മുന്നോട്ട് പോകുകയുമാണെന്ന് പുതിയ ബോർഡ് ചെയർമാൻ ടിം ബുക്കർ പറഞ്ഞു. രോഗികളെ തിരികെ സ്വാഗതം ചെയ്യുന്നതിനുമുമ്പ് സുരക്ഷിതമായ ക്ലിനിക്കൽ ഭരണം ഉറപ്പാക്കുക എന്നതിലാണ് അടിയന്തര ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇവിടെ രോഗികൾക്ക് വേണ്ട പരിചരണം ലഭിക്കും, അതിലൂടെ അവർ തീവ്ര ചികിത്സാ വിഭാഗങ്ങളിൽ പോകാതെ സമൂഹത്തിലേക്ക് മടങ്ങാൻ കഴിയുമെന്നും ബോർഡ് അംഗം ഡോ. റോബ് വാൾട്ടേഴ്സ് പറഞ്ഞു. 2 മില്യൺ ഡോളർ സർക്കാർ ഗ്രാന്റ് അടുത്ത ആറുമാസത്തെ പ്രവർത്തനച്ചെലവുകൾക്കാണ് ഉപയോഗിക്കുക.