

പൂച്ചക്കുട്ടികളുടെ സീസൺ ഏറ്റവും ഉയർന്ന ഘട്ടത്തിലെത്തിയതോടെ ടാസ്മാനിയയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രം കടുത്ത സമ്മർദ്ദം നേരിടുകയാണ്. അടിയന്തരമായി സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
ന്യൂ ടൗണിലെ ടെൻ ലൈവ്സ് ക്യാറ്റ് സെന്ററിൽ നിലവിൽ 200-ലധികം പൂച്ചകളും കുഞ്ഞുപൂച്ചകളുമാണ് സംരക്ഷണത്തിലുളളത്. ഓരോ ദിവസവും പുതിയ പൂച്ചകൾ കേന്ദ്രത്തിലെത്തുന്നുണ്ട്.
കിറ്റൺ സീസണിന്റെ മുഴുവൻ ആഘാതവും കേന്ദ്രം അനുഭവിക്കുകയാണെന്നും കൂടുതൽ സന്നദ്ധപ്രവർത്തകരുടെയും ഫോസ്ററർ കെയറർമാരുടെയും സേവനം അത്യാവശ്യമാണെന്നും ടെൻ ലൈവ്സ് സിഇഒ നോയൽ ഹണ്ട് പറഞ്ഞു.
“ഇപ്പോൾ തന്നെ ഞങ്ങൾക്ക് അടിയന്തരമായി സന്നദ്ധപ്രവർത്തകരും ഫോസ്ററർ കെയറർമാരും ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.
“ദിവസേന പൂച്ചകളും കുഞ്ഞുപൂച്ചകളും കേന്ദ്രത്തിലെത്തുന്നു. അവർക്കെല്ലാം ഇവിടെ അല്ലെങ്കിൽ സമൂഹത്തിലെ ഫോസ്ററർ വീടുകളിൽ പരിപാലനം ആവശ്യമാണ്.”
അടുത്ത കാലയളവിൽ ദത്തെടുക്കുന്നതിനായി കാത്തിരിക്കുന്ന പൂച്ചകൾക്കും കുഞ്ഞുപൂച്ചകൾക്കും താൽക്കാലിക താമസം നൽകാൻ ഏകദേശം 50 ഫോസ്ററർ കെയറർമാരെയാണ് കേന്ദ്രം തേടുന്നത്.
“ചുരുങ്ങിയ കാലത്തേക്കുള്ള സഹായം പോലും വലിയ മാറ്റം സൃഷ്ടിക്കും,” ഹണ്ട് പറഞ്ഞു.
മൃഗസംരക്ഷണം, ഫ്രണ്ട് കൗണ്ടറിലെ ഉപഭോക്തൃ സേവനം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ സന്നദ്ധപ്രവർത്തകരുടെ സേവനവും ആവശ്യമാണ്.
കേന്ദ്രത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് കാണാൻ താൽപ്പര്യമുള്ളവർക്ക് ‘ബിഹൈൻഡ് ദ സീൻസ്’ സന്ദർശനത്തിനും അവസരം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ സന്നദ്ധപ്രവർത്തകരായും ഫോസ്ററർ കെയറർമാരായും പ്രവർത്തിക്കുന്നത് എങ്ങനെ പൂച്ചകളുടെ ക്ഷേമത്തിൽ നേരിട്ടുള്ള സ്വാധീനം ചെലുത്തുന്നുവെന്ന് അറിയാൻ കഴിയും.
സന്നദ്ധപ്രവർത്തനം, ഫോസ്ററിംഗ്, അല്ലെങ്കിൽ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ താൽപ്പര്യമുള്ളവർക്ക് tenlives.com.au എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും.