

ഹൊബാർട്ട്: രണ്ട് വർഷം മുമ്പ് താൽക്കാലികമായി റദ്ദാക്കിയ ഹോബാർട്ടിലെ 100-ലധികം ബസ് സർവീസുകൾ സ്ഥിരമായി റദ്ദാക്കിയതാണെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ . 2023 ഓഗസ്റ്റിൽ നിർത്തിവച്ച 177 സർവീസുകളിൽ 120 എണ്ണം പുനഃസ്ഥാപിക്കാൻ മെട്രോ ടാസ്മാനിയക്ക് പദ്ധതിയില്ലെന്ന് സ്വതന്ത്ര എംപി ഡേവിഡ് ഒ'ബൈർൺ പാർലമെന്റിനോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ച നടന്ന സൂക്ഷ്മപരിശോധനാ ഹിയറിംഗുകളിൽ ഒ'ബൈർൺ മെട്രോ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയതിന് ശേഷമാണ് വെളിപ്പെടുത്തൽ പുറത്തുവന്നത്. “2023-ൽ ഈ റദ്ദാക്കലുകൾ താൽക്കാലികമാണെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ മെട്രോ സ്ഥിരീകരിച്ചത് വളരെ വ്യക്തമാണ് – ഈ സർവീസുകൾ സ്ഥിരമായി റദ്ദാക്കിയിരിക്കുന്നു,” ഒ’ബൈർൺ പറഞ്ഞു. ഈ വിവരം മുമ്പ് എന്തുകൊണ്ട് വെളിപ്പെടുത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, കുറച്ച് ഉപയോഗിക്കപ്പെടുന്ന സർവീസുകൾ താൽക്കാലികമായി നിർത്തി കൂടുതൽ ആവശ്യക്കാരുള്ള സർവീസുകൾ നിലനിർത്താനായിരുന്നു മെട്രോയുടെ തീരുമാനമെന്ന് ഗതാഗത മന്ത്രിക്കുവേണ്ടി പ്രതികരിച്ച പ്രീമിയർ ജെറമി റോക്ക്ലിഫ് പറഞ്ഞു. നിർത്തിവച്ച സർവീസുകളിൽ ഏകദേശം 33% ഇപ്പോൾ രണ്ട് ഘട്ടങ്ങളിലായി പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഈ വർഷം ഓഗസ്റ്റിൽ 29 തിങ്കൾ–വ്യാഴം സർവീസുകളും 31 വെള്ളി സർവീസുകളും തിരികെ കൊണ്ടുവന്നിരുന്നു. ഹോബാർട്ടിലെ വിശാലമായ ബസ് നെറ്റ്‌വർക്ക് സംബന്ധിച്ച നിരീക്ഷണ പഠനം പുരോഗമിക്കുകയാണെന്നും ആദ്യ ഘട്ടം 2026 ആദ്യത്തിൽ പ്രതീക്ഷിക്കുന്നതായും റോക്ലിഫ് പറഞ്ഞു.