

ഹോബാർട്ട്: ഇതുവരെയില്ലാത്തത്ര തിരക്കോടെ ഈ വേനൽക്കാലത്ത് ഹോബാർട്ട് വിമാനത്താവളത്തിൽ ഒരു ദശലക്ഷം യാത്രക്കാരുടെ സീറ്റുകൾ കൈകാര്യം ചെയ്യാനൊരുങ്ങുന്നു. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ സീസണായിരിക്കും ഇത്. കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനം വർധനയാണ് ഈ നേട്ടം രേഖപ്പെടുത്തുന്നത്. ഇത് അവധിക്കാല യാത്രക്കാർും, സംസ്ഥാനത്തെ ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയ്ക്കും വലിയ ഉണർവാണെന്ന് സി ഇഒ നൊറിസ് കാർട്ടർ പറഞ്ഞു.
പുതിയ റൂട്ടുകളും സർവീസുകളും ഈ ഉയർച്ചയ്ക്ക് കരുത്തായി. ന്യൂകാസിലിലേക്ക് ജെറ്റ്‌സ്റ്റാറിന്റെ നേരിട്ടുള്ള സർവീസ് മാത്രം ഈ വേനലിൽ 22,000 സീറ്റുകൾ കൂട്ടിച്ചേർക്കും. എയർ ന്യൂസിലാൻഡ് ഓക്‌ലൻഡ് റൂട്ടിൽ 20,000 സീറ്റുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ക്വാൻറാസ് അഡിലെയ്ഡ് റൂട്ടിൽ തിരികെ എത്തി മറ്റൊരു 20,000 സീറ്റുകൾ കൂടി നൽകും. മെൽബൺ റൂട്ടിൽ ജെറ്റ്‌സ്റ്റാർ കൂടാതെ 50,000 സീറ്റുകൾ കൂടി ഉയർത്തി.
ഡിസംബർ 26നും ജനുവരി 9നും ദിവസേന 14,000-ത്തിലധികം യാത്രക്കാർ 84 സർവീസുകളിലൂടെ വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്നാണ് കണക്ക്.
പുതിയ മൂന്ന് ലെയിൻ സുരക്ഷാ പരിശോധന സംവിധാനം തിരക്കുകൾ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ബാഗേജുകളിൽ നിന്ന് സാധനങ്ങൾ പുറത്ത് എടുക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഈ സീസൺ ടാസ്മാനിയൻ സമ്പദ്‌വ്യവസ്ഥയിൽ 3.6 ബില്യൺ ഡോളർ വരുമാനം സൃഷ്ടിക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി ജെയ്ൻ ഹൗലെറ്റ് പറഞ്ഞു
സിഡ്നി–ഹോബാർട്ട് യാച്ച് റേസ്, ടെയ്‌സ്റ്റ് ഓഫ് സമ്മർ, ഫെസ്റ്റിവെയ്ൽ, പാർട്ടി ഇൻ ദ പാഡോക്, ഫൂ ഫൈറ്റേഴ്സ് കൺസേർട്ട് തുടങ്ങിയ പ്രധാന ഇവന്റുകൾ സംസ്ഥാനത്തെ സന്ദർശകരെ ആകർഷിക്കുമെന്നാണ് വിലയിരുത്തൽ. ഹോബാർട്ട് വിമാനത്താവളത്തിലെ തിരക്കേറിയ വേനൽക്കാലം ഡിസംബർ മുതൽ ഫെബ്രുവരി വരെ നീണ്ടുനിൽക്കും.