
ടാസ്മാനിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഹേബ്രിഡ്ജിലെ ബ്ലൈത്ത് ഹെഡ്‌സിന് സമീപം ഒരു കുഞ്ഞു കൂനൻ തിമിംഗലം കരയ്ക്കടിഞ്ഞു. ചത്ത തിമിംഗലത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതായി പ്രകൃതിവിഭവ പരിസ്ഥിതി വകുപ്പായ ടാസ്മാനിയയുടെ സമുദ്ര സംരക്ഷണ പരിപാടി സ്ഥിരീകരിച്ചു. കുഞ്ഞു കുനൻ തിമിംഗലം ചത്തിട്ട് കുറച്ച് ദിവസങ്ങളായിട്ടുണ്ടെന്നാണ് നിഗമനം.
"ശവശരീരത്തിന്റെ അവസ്ഥ കാരണം, മരണത്തിന്റെ കൃത്യമായ കാരണം നിർണ്ണയിക്കാൻ കഴിയില്ല," വകുപ്പിന്റെ സമുദ്ര സംരക്ഷണ പരിപാടിയുടെ വക്താവ് പറഞ്ഞു. തിമിംഗലം കടലിൽ ഒഴുകിനടക്കുമ്പോൾ സംഭവിച്ചതാകാനാണ് സാധ്യതയെന്ന് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. തിമിംഗലത്തിൻ്റെ അളവുകളും ടിഷ്യു സാമ്പിളുകളും ഡിപ്പാർട്ട്മെൻ്റ് ശേഖരിക്കും. നിലവിൽ ടാസ്മാനിയ പാർക്ക്സ് ആൻ്റ് വൈൽഡ്ലൈഫ് സർവീസ് ജഡം കൊണ്ടുപോകുന്നതിനുള്ള ഓപ്ഷനുകൾ പരിഗണിക്കുന്നതിനായി സ്ഥലം വിലയിരുത്തിവരികയാണ്. അതേസമയം വന്യമൃഗങ്ങൾക്ക് രോഗങ്ങൾ വഹിക്കാൻ കഴിയുമെന്നും ചത്ത തിമിംഗലത്തിന്റെ ഭാഗങ്ങൾ കൈയേറുകയോ എടുക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ശവശരീരത്തിൽ നിന്ന് അകലം പാലിക്കാൻ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.