
പുനരുപയോഗ ഊർജ്ജത്താൽ സമ്പന്നമായ സംസ്ഥാനമായ ടാസ്മാനിയയുമായി പ്രധാന ഭൂപ്രദേശത്തെ (മെയിൻ ലാൻഡ്) ബന്ധിപ്പിക്കുന്നതിനായി ഒരു പ്രധാന അണ്ടർസീ പവർ കേബിൾ നിർമ്മിക്കാൻ ഓസ്‌ട്രേലിയ അംഗീകാരം നൽകി. മാരിനസ് ലിങ്ക് എന്നറിയപ്പെടുന്ന ഈ പദ്ധതിക്ക് 3.9 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 2.5 ബില്യൺ യുഎസ് ഡോളർ) ചിലവാണ് പ്രതീക്ഷിക്കുന്നത്
ഫെഡറൽ, വിക്ടോറിയൻ, ടാസ്മാനിയൻ സർക്കാറുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി 2026-ൽ നിർമ്മാണം ആരംഭിച്ച് 2030-ൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഊർജ്ജ മന്ത്രി ക്രിസ് ബോവൻ വെള്ളിയാഴ്ച അന്തിമ നിക്ഷേപ തീരുമാനം പ്രഖ്യാപിച്ചിരുന്നു.
"ടാസ്മാനിയയുടെ ജലവൈദ്യുതിയുടെ കൂടുതൽ ഭാഗം പ്രധാന ഭൂപ്രദേശത്തേക്ക് എത്തിക്കാൻ ഈ പദ്ധതി സഹായിക്കും," മന്ത്രി ക്രിസ് ബോവൻ പറഞ്ഞു. "ഇത് ഉദ്‌വമനം കുറയ്ക്കുകയും പ്രാദേശിക പ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. 750 മെഗാവാട്ട് ശേഷിയുള്ള ഇതിന് ഏകദേശം 750,000 വീടുകൾക്ക് വൈദ്യുതി നൽകാൻ കഴിയും." അതോടൊപ്പം, രാജ്യത്തുടനീളമുള്ള വൈദ്യുതിയുടെ നിരക്ക് കുറയ്ക്കാൻ പദ്ധതി സഹായിക്കുമെന്ന് മാരിനസ് ലിങ്ക് നിർമ്മിക്കുന്ന കമ്പനി സൂചിപ്പിച്ചു.
നിലവിൽ ടാസ്മാനിയയ്ക്ക് അതിന്റെ വൈദ്യുതിയുടെ 80% ജലവൈദ്യുതിയിൽ നിന്നാണ് ലഭിക്കുന്നത്. പുതിയ കാറ്റാടിപ്പാടങ്ങൾ വകരുന്നതോടെ ഭാവിയിൽ കൂടുതൽ ശുദ്ധ ഊർജ്ജം ഉത്പാദിപ്പിക്കും . 345 കിലോമീറ്റർ കേബിൾ കടലിനടിയിലൂടെയും ഭൂമിക്കടിയിലൂടെയും കടന്നുപോവുകയും പ്രവർത്തിക്കുകയും ചെയ്യും.കൽക്കരി വൈദ്യുതിയുടെ ആവശ്യകത കുറയ്ക്കുന്നതിനും സിഡ്നി, മെൽബൺ പോലുള്ള പ്രധാന നഗരങ്ങളിലേക്ക് കൂടുതൽ ശുദ്ധ ഊർജ്ജം എത്തിക്കുന്നതിനും ഇത് സഹായിക്കും. 2030 ആകുമ്പോഴേക്കും പുനരുപയോഗ സ്രോതസ്സുകളിൽ നിന്ന് 82% വൈദ്യുതിയും ഉത്പാദിപ്പിക്കുക എന്ന ഓസ്‌ട്രേലിയയുടെ ലക്ഷ്യത്തെ ഇത് പിന്തുണയ്ക്കും.