

ഫെഡറൽ സർക്കാരിന്റെ നിർദേശിച്ച തോക്ക് തിരികെ വാങ്ങൽ (gun buy-back) പദ്ധതിക്ക് ടാസ്മാനിയയിൽ ശക്തമായ പൊതുപിന്തുണയുണ്ടെന്ന് പുതിയ സർവേ റിപ്പോർട്ട്. സംസ്ഥാന സർക്കാർ പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചിരിക്കുമ്പോഴും, EMRS നടത്തിയ അഭിപ്രായ സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 70 ശതമാനം പേരും തോക്ക് നിയമങ്ങൾ കർശനമാക്കുന്നതിന് അനുകൂലമായി പ്രതികരിച്ചു.
752 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേ പ്രകാരം, 69 ശതമാനം പേർ പദ്ധതിയെ പിന്തുണച്ചപ്പോൾ, 50 ശതമാനം പേർ ശക്തമായ പിന്തുണയാണ് രേഖപ്പെടുത്തിയത്. 24 ശതമാനം പേർ എതിർപ്പ് രേഖപ്പെടുത്തിയതോടൊപ്പം, 7 ശതമാനം പേർ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ബോണ്ടി ഭീകരാക്രമണത്തിന് പിന്നാലെയാണ് ഫെഡറൽ പാർലമെന്റ് തോക്ക് തിരികെ വാങ്ങൽ പദ്ധതി സംബന്ധിച്ച വോട്ടെടുപ്പിന് ഒരുങ്ങുന്നത്. ക്ലാർക്ക്, ഫ്രാങ്ക്‌ലിൻ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പിന്തുണ രേഖപ്പെടുത്തിയത് (79%, 76%). ഗ്രാമീണ മേഖലയായ ബ്രാഡൻ, ലയൺസ് മണ്ഡലങ്ങളിൽ പിന്തുണ ഏകദേശം 60 ശതമാനമായി കുറഞ്ഞു; ലയൺസിൽ 37 ശതമാനം പേർ എതിർപ്പും രേഖപ്പെടുത്തി.
“പോർട്ട് ആർതർ ദുരന്തത്തിന് ശേഷമുള്ള ചരിത്ര പശ്ചാത്തലത്തിൽ, ടാസ്മാനിയക്കാർക്ക് കർശനമായ തോക്ക് നിയന്ത്രണത്തോടുള്ള സഹജമായ പിന്തുണയുണ്ട്. എന്നാൽ ഗ്രാമീണ മേഖലകളിലെ ആശങ്കകൾ സർക്കാർ ഗൗരവമായി കാണണം.” EMRS ഡയറക്ടർ ബ്രാഡ് സ്റ്റാൻസ്‌ഫീൽഡ് അഭിപ്രായപ്പെട്ടു:
സംസ്ഥാന പൊലീസ് മന്ത്രി ഫെലിക്‌സ് എല്ലിസ് പദ്ധതി അടിയന്തിരവും വ്യക്തതയില്ലാത്തതുമാണെന്ന് വിമർശിച്ചു. പദ്ധതി നടപ്പാക്കുന്നതിന് ടാസ്മാനിയയ്ക്ക് 20 മില്യൺ ഡോളറോളം ചെലവാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. 1996-ലെ പോർട്ട് ആർതർ ആക്രമണത്തിന് ശേഷം നടന്ന buy-back പദ്ധതി പൂർണമായും ഫെഡറൽ സർക്കാർ ധനസഹായത്തോടെ നടപ്പാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാന ഗ്രീൻസ് പാർട്ടി സർക്കാർ താമസിക്കുന്നുവെന്ന് വിമർശിച്ചു. “ജനങ്ങളുടെ ശക്തമായ പിന്തുണ വ്യക്തമാണെന്നും സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും” ഗ്രീൻസ് നേതാവ് ടബാത്ത ബാഡ്ജർ പറഞ്ഞു.
ജനുവരി 14 മുതൽ 18 വരെ നടത്തിയ സർവേയുടെ പിഴവിന്റെ പരിധി (margin of error) 3.57 ശതമാനമാണ്.