

സിഡ്‌നിയിലെ കടൽതീരങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന മൂന്ന് വ്യത്യസ്ത അപകടങ്ങളിൽ ഒരു സ്ത്രീയും ഒരു പുരുഷനും മരണപ്പെട്ടതോടൊപ്പം രണ്ട് പേരെ കാണാതായതായി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ സിഡ്‌നിയുടെ കിഴക്കൻ ഉപനഗരമായ മറൂബ്ര ബീച്ചിൽ ഒരാൾ കടലിലേക്ക് ഒഴുകിപ്പോയെന്ന റിപ്പോർട്ടിനെ തുടർന്ന് അടിയന്തരസേവനങ്ങൾ സ്ഥലത്തെത്തി. 25 വയസുള്ള യുവതി ശക്തമായ തിരമാലയിൽപ്പെട്ട് ടൈഡൽ പൂളിലേക്ക് തെറിച്ചുവീണതിനു ശേഷം കടലിലേക്ക് ഒഴുകിപ്പോയതായി അധികൃതർ അറിയിച്ചു. വിവിധ ഏജൻസികൾ ചേർന്ന് നടത്തിയ തെരച്ചിലിൽ ഏകദേശം ഒരു മണിക്കൂറിന് ശേഷം യുവതിയുടെ മൃതദേഹം കണ്ടെത്തി.
അതേസമയം, കൂജി ബീച്ചിൽ ഇരുപതുകളുടെ പ്രായത്തിലുള്ള ഒരാൾ വെള്ളത്തിൽ അകപ്പെട്ടതിനെ തുടർന്ന് രാവിലെ ആറുമണിയോടെ തിരച്ചിൽ ആരംഭിച്ചു. സർഫ് ലൈഫ് സേവിംഗ് ന്യൂ സൗത്ത് വെയിൽസും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്ത് തുടരുകയാണ്.
കൗമാരക്കാരനെ കാണാതായി
ന്യൂ ഇയർ ഈവിനിടെ പാം ബീച്ചിന്റെ വടക്കുഭാഗത്ത് ബോട്ട് മറിഞ്ഞതിനെ തുടർന്ന് കാണാതായ 14 വയസുകാരനെ കണ്ടെത്താനുള്ള തെരച്ചിൽ വീണ്ടും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട ഒരാൾ ബാരൻജോയി ഹെഡ്‌ലാൻഡിലെ പാറകളിൽ കയറി രക്ഷപ്പെടുകയും അടിയന്തര സേവനങ്ങൾ ഇയാളെ സുരക്ഷിതമായി മാറ്റുകയും ചെയ്തു. എന്നാൽ മറ്റൊരു പുരുഷനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല; സ്ഥലത്തുതന്നെ മരണം സ്ഥിരീകരിച്ചു.
ബുധനാഴ്ച മാത്രം സർഫ് ലൈഫ് സേവിംഗ് ന്യൂ സൗത്ത് വെയിൽസ് 19 തീരദേശ രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി അധികൃതർ അറിയിച്ചു.