ഏറ്റവും മനോഹരമായ രണ്ടാമത്തെ ലൈബ്രറി സൗത്ത് ഓസ്ട്രേലിയയിൽ
ലൈബ്രറി എന്നാൽ പുസ്തകങ്ങൾ മാത്രമല്ല, വായനകളും ചിന്തകളും അഭിപ്രായങ്ങളും രൂപപ്പെടുന്ന ഇടങ്ങളാണ്. വായനകളുടെ ലോകം മൊബൈൽ ഫോണിലേക്കും സ്ക്രീനുകളിലേക്കും ഒതുങ്ങുമ്പോഴും പലയിടങ്ങളിലും ലൈബ്രറികള്‍ സജീവമായി തുടരുന്നത് ഇതുകൊണ്ടാണ്. എന്നാൽ വായന മാത്രമല്ലാതെ, ചെന്ന് കണ്ടാസ്വദിക്കാൻ പറ്റുന്ന ലൈബ്രറികളെക്കുറിച്ച് കേട്ടിട്ടുണ്ടോ?
Read More: ഉപരിപഠനം ഓസ്ട്രേലിയയിൽ; ഫ്ലൈവേൾഡ് ഓവർസീസ് എജ്യുക്കേഷൻ എക്സ്പോ
ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് അഡലെയ്ഡിലെ ചരിത്രപ്രസിദ്ധമായ മോർട്ട്‌ലോക്ക് ചേംബർ സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ലൈബ്രറി ഓഫ് സൗത്ത് ഓസ്‌ട്രേലിയ. ഒന്നാം സ്ഥാനം അയർലൻഡ് ഡബ്ലിനിലെ ട്രിനിറ്റി കോളേജ് ലൈബ്രറിയാണ്.
ഓസ്ട്രേലിയയിലെ തന്നെ വിക്ടോറിയ സ്റ്റേറ്റ് ലൈബ്രറി ഏഴാം സ്ഥാനവും നേടി.
1000 ലൈബ്രറി എന്നറിയപ്പെടുന്ന കമ്യൂണിറ്റിയാണ് ലോകത്തിലെ ഏറ്റവും ഏറ്റവും മനോഹരമായ പുസ്തകശാലകളുടെ അവാർഡ് നിർണ്ണയിക്കുന്നത്. മെയ് മാസത്തിൽ, ലൈബ്രറികൾ, പുസ്തകശാലകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലെ മികച്ച സ്ഥാനങ്ങളെ അവാർഡ് ടീം ഷോർട്ട്‌ലിസ്റ്റ് ചെയ്തു. തുടർന്ന് ഫൈനലിസ്റ്റുകളെ ആഗോള വോട്ടെടുപ്പിന് വിധേയമാക്കി, രണ്ട് മാസത്തിനിടെ 200,000 വായനക്കാർ വോട്ട് രേഖപ്പെടുത്തി.
189 വർഷം പഴക്കമുള്ള സ്റ്റേറ്റ് ലൈബ്രറി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ പുസ്തകങ്ങളുടെയും രേഖകളുടെയും ശേഖരത്തിൽ കൊളോണിയൽ കാലഘട്ടത്തിനു മുമ്പുള്ള ദക്ഷിണ ഓസ്‌ട്രേലിയൻ ചരിത്രം കണ്ടെത്തുന്നവയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇവിടുത്തെ പ്രധാന ആകർഷണമെന്ന് പറയുന്നത് 1884 ൽ സ്ഥാപിതമായ പ്രശസ്തമായ മോർട്ട്‌ലോക്ക് ചേംബർ ആണ്. ഔപചാരിക അത്താഴങ്ങൾക്കും വിവാഹ സൽക്കാരങ്ങൾക്കും കോക്ക്ടെയിൽ പാർട്ടികൾക്കും വാടകയ്‌ക്കെടുക്കാൻ ഇത് ലഭ്യമാണ്.
ലോകത്തിലെ ഏറ്റവും മനോഹരമായ 10 ലൈബ്രറികൾ
1. ഡബ്ലിനിലെ ട്രിനിറ്റി കോളേജിന്റെ ലൈബ്രറി - അയർലൻഡ്
2. സൗത്ത് ഓസ്‌ട്രേലിയയുടെ സ്റ്റേറ്റ് ലൈബ്രറി - ഓസ്‌ട്രേലിയ
3. സെന്റ് ഗാലന്റെ ആബി ലൈബ്രറി - സ്വിറ്റ്‌സർലൻഡ്
4. ഡ്യൂക്ക് ഹംഫ്രീയുടെ ലൈബ്രറി (ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി) - ഇംഗ്ലണ്ട്
5. ഓസ്ട്രിയയിലെ അഡ്‌മോണ്ട് ആബി ലൈബ്രറി
6. ക്യൂപ്പേഴ്‌സ് ലൈബ്രറി - നെതർലാൻഡ്‌സ്
7. സ്റ്റേറ്റ് ലൈബ്രറി വിക്ടോറിയ - ഓസ്‌ട്രേലിയ
8. റോയൽ പോർച്ചുഗീസ് കാബിനറ്റ് ഓഫ് റീഡിംഗ് - ബ്രസീൽ
9. വിബ്ലിംഗൻ ആബി ലൈബ്രറി - ജർമ്മനി
10. സെയിൻറ്റ്-ജെനീവീവ് ലൈബ്രറി - ഫ്രാൻസ്