

സൗത്ത് ഓസ്‌ട്രേലിയയിലെ ഹാലെറ്റ് കോവിൽ നിന്നുള്ള എട്ടുവയസ്സുകാരിയായ മാർത്ത രഞ്ജിത്ത് മാത്യു വായനയുടെ ലോകത്ത് പുതിയ ചരിത്രം കുറിച്ചു. ഏറ്റവും വേഗത്തിൽ 300 പുസ്തകങ്ങൾ വായിച്ച ജൂനിയർ എന്ന റെക്കോർഡ് നേടിയതിന് മാർത്തയെ ഓസ്‌ട്രേലിയൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഔദ്യോഗികമായി അംഗീകരിച്ചു. 2025 മെയ് 22 നും സെപ്റ്റംബർ 3 നും ഇടയിലുള്ള വെറും 106 ദിവസങ്ങൾ കൊണ്ടാണ് മാർത്ത ഈ അവിശ്വസനീയ നേട്ടം സ്വന്തമാക്കിയത്. എല്ലാ ദിവസവും മൂന്ന് പുസ്തകങ്ങൾ വീതം വായിച്ചുകൊണ്ട് വായനയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശമാണ് ഈ കൊച്ചുമിടുക്കി തെളിയിച്ചത്. വായനയോടുള്ള മാർത്തയുടെ അർപ്പണബോധവും അസാധാരണമായ താത്പര്യവും അധ്യാപകരിൽ നിന്നും സമൂഹത്തിൽ നിന്നും വലിയ പ്രശംസ നേടിക്കൊടുത്തിട്ടുണ്ട്. മാർത്തയുടെ ഈ നേട്ടം മറ്റ് കുട്ടികൾക്ക് ശക്തമായ വായനാശീലം വളർത്തിയെടുക്കുന്നതിന് പ്രചോദനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.