

ABC News: Eugene Boisvert
അഡലെയ്‌ഡ്: വിക്ടോറിയയും ടാസ്മാനിയയും ഉൾപ്പെടെയുള്ള മറ്റ് ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങൾ ഇന്ധനവിലക്കയറ്റത്തെത്തുടർന്ന് സൗജന്യ പൊതുഗതാഗതം പ്രഖ്യാപിച്ചെങ്കിലും, അത്തരം നീക്കങ്ങൾക്കില്ലെന്ന് സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തെ എഴുപതോളം പെട്രോൾ പമ്പുകളിൽ ഇന്ധനക്ഷാമം നേരിടുന്നുണ്ടെങ്കിലും, നിലവിൽ സൗജന്യ യാത്ര അനുവദിക്കുന്നത് ബജറ്റിനെ ബാധിക്കുമെന്ന് പ്രീമിയർ പീറ്റർ മാലിനോസ്കാസ് പറഞ്ഞു. പോർട്ട് ഓഫ് അഡലെയ്‌ഡിൽ ഇന്ധന കപ്പലുകൾ കൃത്യസമയത്ത് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 649 പെട്രോൾ പമ്പുകളിൽ 604 എണ്ണത്തിൽ നിലവിൽ അൺലെഡഡ് 91 ലഭ്യമാണ്. 398 പമ്പുകളിൽ 364 എണ്ണത്തിൽ ഡീസൽ ശേഖരവുമുണ്ട്. ഏത് പമ്പുകളിലാണ് ഇന്ധനമുള്ളതെന്ന് തത്സമയം അറിയാൻ സഹായിക്കുന്ന സംവിധാനം 'RAA' ആപ്പിൽ ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു. അതേസമയം, പൊതുഗതാഗതത്തിന് ഇതിനോടകം തന്നെ 90 ശതമാനം സബ്‌സിഡി നൽകുന്നുണ്ടെന്നും വിക്ടോറിയയെപ്പോലെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രഷറർ ടോം കൂട്ടാന്റോണിസ് പരിഹസിച്ചു.
ലിബറൽ പാർട്ടിയും ഗ്രീൻസും ബിസിനസ് ചേംബറുകളും സൗജന്യ യാത്രയ്ക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇന്ധനവില കാരണം നഗരത്തിലേക്കുള്ള സന്ദർശകരുടെ എണ്ണം കുറയുന്നത് ബിസിനസ്സുകളെ ബാധിക്കുന്നുവെന്നും സിറ്റി കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കേന്ദ്ര സർക്കാർ ഇന്ധന നികുതി (Fuel Excise) പകുതിയായി കുറച്ച നടപടിയെ പ്രീമിയർ സ്വാഗതം ചെയ്തു. വരാനിരിക്കുന്ന 'ഗാദർ റൗണ്ട്' (Gather Round), ഈസ്റ്റർ അവധി എന്നിവയ്ക്ക് മുന്നോടിയായി ഇന്ധനവിലയിൽ കുറവുണ്ടാകുന്നത് ജനങ്ങൾക്ക് ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.