

സൗത്ത് ഓസ്‌ട്രേലിയയിൽ 2024 മാർച്ചും 2025 ജനുവരിയും തമ്മിലുണ്ടായ നാല് വ്യത്യസ്ത ബോട്ട് അപകടങ്ങളിലായി എട്ട് പേർ മരിച്ച സംഭവത്തിലാണ് സ്റ്റേറ്റ് കൊറോണർ ഡേവിഡ് വിറ്റിൽ സുപ്രധാന ശുപാർശകൾ നൽകിയത്. അപകടത്തിൽപ്പെട്ടവർ ആരും തന്നെ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ 4.8 മീറ്ററിൽ താഴെ നീളമുള്ള ബോട്ടുകളിൽ മാത്രമേ ലൈഫ് ജാക്കറ്റ് നിർബന്ധമുള്ളൂ. ഈ പരിധി 7 മീറ്ററായി ഉയർത്തണമെന്നാണ് കൊറോണറുടെ പ്രധാന നിർദ്ദേശം.
വലിയ ബോട്ടുകൾ സുരക്ഷിതമാണെന്ന തെറ്റായ ധാരണ നിലവിലെ നിയമം ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ബോട്ട് ചലിച്ചുകൊണ്ടിരിക്കുമ്പോൾ മാത്രമല്ല, വെള്ളത്തിൽ നിർത്തിയിട്ടിരിക്കുമ്പോഴും ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന നിബന്ധന കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗത്ത് ഓസ്‌ട്രേലിയ ഈ കാര്യത്തിൽ രാജ്യത്തിന് മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ബോട്ടിംഗ് സേഫ്റ്റി ഹാൻഡ്‌ബുക്കിൽ ലൈഫ് ജാക്കറ്റുകളെക്കുറിച്ച് പ്രത്യേക അധ്യായം ഉൾപ്പെടുത്തണമെന്നും ശുപാർശയിലുണ്ട്.
മത്സ്യത്തൊഴിലാളി സംഘടനയായ റെക്ഫിഷ് എസ്എ (RecFish SA) ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്തു. ആളുകൾ കൂടുതൽ ദൂരത്തേക്ക് കടലിൽ പോകുന്നത് വർദ്ധിച്ചുവരികയാണെന്നും അപകടമുണ്ടായാൽ ലൈഫ് ജാക്കറ്റ് ഇല്ലാത്തത് വലിയ തിരിച്ചടിയാകുമെന്നും സംഘടന ചൂണ്ടിക്കാട്ടി. അതേസമയം, നിയമം നടപ്പിലാക്കുന്നതിന് മുമ്പ് ബോട്ട് ഉടമകളുമായും ബന്ധപ്പെട്ടവരുമായും ചർച്ച നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പ്രതിപക്ഷ നേതാവ് ആഷ്ടൺ ഹേണും സുരക്ഷാ മുൻകരുതലുകൾക്ക് പിന്തുണ പ്രഖ്യാപിച്ചു.