

ദക്ഷിണ ഓസ്ട്രേലിയയിലെ അഡിലെയ്ഡിന്റെ വടക്കൻ ഭാഗമായ ബ്രോഡ്വ്യൂവിലെ ഒരു ജ്വല്ലറി കടയിൽ നടന്ന സ്മാഷ് ആൻഡ് ഗ്രാബ് മോഷണത്തിൽ ഏകദേശം 50,000 ഓസ്ട്രേലിയൻ ഡോളർ വിലമതിക്കുന്ന സ്വർണ-വെള്ളി ആഭരണങ്ങൾ കവർന്നു. സിസിടിവി ദൃശ്യങ്ങളിൽ, മോഷ്ടാക്കൾ കടയുടെ ഗ്ലാസ് ഭാഗങ്ങൾ തകർത്തുകൊണ്ട് അകത്ത് കടക്കുന്നതും അലാറം മുഴങ്ങുന്നതിനിടെ ഷെൽഫുകളിലും ഡിസ്പ്ലേ കാബിനറ്റുകളിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ ബാഗുകളിലേക്ക് നിറയ്ക്കുന്നതും കാണാം. ഏകദേശം മൂന്ന് മിനിറ്റിനുള്ളിലാണ് മോഷണം നടന്നത്.
മോഷണത്തിനിടെ കടയിലുണ്ടായിരുന്ന ജീവനക്കാർക്കും ഉപഭോക്താക്കൾക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ വലിയ സാമ്പത്തിക നഷ്ടമാണ് കടയുടമയ്ക്ക് ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. മോഷണത്തെക്കുറിച്ച് വിവരമുള്ളവർ മുന്നോട്ടുവരണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ അടുത്തിടെ ഇത്തരത്തിലുള്ള സ്മാഷ് ആൻഡ് ഗ്രാബ് മോഷണങ്ങൾ വർധിച്ചുവരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.