
ഇംഗ്ലണ്ടിൽ നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ലീഗിൽ ഓസീസിനെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ച് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ്. വ്യാഴാഴ്ച നടന്ന ആവേശ സെമി ഫൈനലിൽ ഓസ്ട്രേലിയ ചാമ്പ്യൻസിനെ ഒരു റൺസിന് വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശനം. ശനിയാഴ്ച നടക്കാനിരിക്കുന്ന ഫൈനലിൽ പാകിസ്താൻ ചാമ്പ്യൻസിനെയാണ് ദക്ഷിണാഫ്രിക്ക നേരിടുക.
എഡ്ജ്ബാസ്റ്റണിൽ നടന്ന സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് 186/8 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ഓസ്ട്രേലിയ ചാമ്പ്യൻസിന്റെ മറുപടി 185/7 ൽ അവസാനിച്ചു. അവസാന പന്തിൽ ജയിക്കാൻ മൂന്ന് റൺസ് വേണ്ട ഓസ്ട്രേലിയക്ക് ഒരു റൺസ് മാത്രമേ നേടാനായുള്ളൂ.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് ഓപ്പണർ ജെജെ സ്മട്സിന്റെയും, മോൺ വാൻ വൈക്കിന്റെയും ബാറ്റിങ് മികവിലാണ് 186 എന്ന മികച്ച സ്കോറിൽ എത്തിയത്. സ്മട്സ് 41 പന്തിൽ എട്ട് ഫോറുകളും ഒരു സിക്സറുമടക്കം 57 റൺസ് നേടിയപ്പോൾ, മോൺ വാൻ വൈക്ക്, 35 പന്തിൽ 76 റൺസ് നേടി. 35 പന്തിൽ ഏഴ് ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു വാൻ വൈക്കിന്റെ കിടിലൻ ഇന്നിങ്സ്. 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ ചാമ്പ്യൻസിന് ക്രിസ് ലിന്നും, ഷോൺ മാർഷും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ലിൻ 20 പന്തിൽ 35 റൺസും, മാർഷ് 17 പന്തിൽ 25 റൺസും നേടി. അഞ്ചാം നമ്പരിൽ ഇറങ്ങിയ ഡാനിയൽ ക്രിസ്റ്റ്യൻ വെടിക്കെട്ട് നടത്തിയെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ താരത്തിനായില്ല.
അവസാന ഓവറിൽ 14 റൺസാണ് ഓസ്ട്രേലിയ ചാമ്പ്യൻസിന് ജയിക്കാൻ വേണ്ടിയിരുന്നത്. വെയിൻ പാർനൽ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് റോബ് ക്വിനി സിക്സറിന് പറത്തി. എന്നാൽ ഇതിന് ശേഷം ശക്തമായി തിരിച്ചുവന്ന പാർനൽ പിന്നീട് എറിഞ്ഞ അഞ്ച് പന്തുകളിൽ ആകെ 6 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. അവസാനം വരെ പൊരുതിയ ഡാനിയൽ ക്രിസ്റ്റ്യൻ 29 പന്തിൽ മൂന്ന് ഫോറുകളും സിക്സറുകളുമടക്കം 49 റൺസ് നേടി പുറത്താകാതെ നിന്നു.