

ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാർക്ക് പ്രതിദിനം മൂന്ന് മണിക്കൂർ വരെ സൗജന്യ വൈദ്യുതി ലഭിക്കാൻ അവസരം നൽകുന്ന ഒരു പുതിയ പദ്ധതിയുമായി ഫെഡറൽ സർക്കാർ. നിലവിൽ പകൽ നേരങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന സൗരോർജ്ജം വലിയ അളവിൽ പാഴാകുകയാണ്. ഇതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത് ഈ വൈദ്യുതി ഉപയോഗിക്കാൻ ആളുകൾ ഇല്ലാത്തും സംഭരിച്ചു വയ്ക്കുവാൻ ആവശ്യമായ ബാറ്ററികൾ ഇല്ലാത്തതുമാണ്.
അതിനാൽ ഗ്രിഡ് സൗരോർജ്ജത്താൽ നിറഞ്ഞിരിക്കുമ്പോൾ എയർ കണ്ടീഷണറുകൾ, വാഷിംഗ് മെഷീനുകൾ അല്ലെങ്കിൽ ഡിഷ്വാഷറുകൾ തുടങിങ്ങിയവ പ്രവർത്തിപ്പിക്കാൻ ഈ സൗജന്യ വൈദ്യുതി വിൻഡോ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ ആശയം. എന്നാൽ ഈ പദ്ധതിക്ക് എല്ലാവർക്കും അർഹതയില്ല- ചില നിബന്ധനകളും നിയന്ത്രണങ്ങളും ഉണ്ട്.
പദ്ധതി ആർക്കൊക്കെ ലഭ്യമാകും
2026 ജൂലൈയിൽ ഇത് പ്രാബല്യത്തിൽ വരുമ്പോൾ, ന്യൂ സൗത്ത് വെയിൽസ്, സൗത്ത് ഓസ്‌ട്രേലിയ, സൗത്ത്-ഈസ്റ്റ് ക്വീൻസ്‌ലാൻഡ് എന്നിവിടങ്ങളിലെ വീടുകൾക്ക് പദ്ധതിയില് പങ്കാളികളാകാം.
വീട്ടിൽ സോളാർ പാനൽ ഇല്ലെങ്കിലും പദ്ധതിയിൽ ചേരാം. എന്നാൽ സ്മാര്‌ട് മീറ്റർ നിർബന്ധമാണ്. വൈദ്യുതി ബില്ലിൽ ലാഭം നേടുന്നതിന് അവർക്ക് അവരുടെ വൈദ്യുതി ഉപയോഗം ഫ്രീ-പവർ പീരിയഡിലേക്ക് മാറ്റാനുള്ള കഴിവ് ആവശ്യമാണ്.
ദിവസേനയുള്ള ഫ്രീ പീരിയഡ് എപ്പോൾ ആയിരിക്കുമെന്ന് സർക്കാർ കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ സൗരോർജ്ജ ഉൽപാദനം അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുന്ന രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയിലായിരിക്കാനാണ് സാധ്യത.